ഒരു ഇഞ്ചക്ഷന്‍ എടുത്താല്‍ 6 മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന്‍ ഒരു ഡോസിന് അയ്യായിരം രൂപയാണ് ഈടാക്കിയിരുന്നത്


ചികിത്സയ്ക്കായി മാത്രം ഉപയോഗിക്കുന്ന പെന്റാസോസിന്‍ എന്ന മയക്കുമരുന്നുമായി കോയമ്പത്തൂര്‍ സ്വദേശിയായ യുവാവിനെ തൃശൂര്‍ റേഞ്ച് എക്‌സൈസ് പിടികൂടി. അതിമാരക മയക്കുമരുന്നായ പെന്റാസോസിന്റെ 28 ആംപ്യൂളുകളുമായാണ് കോയമ്പത്തൂര്‍ ഉക്കടം സ്വദേശി 21 വയസുള്ള വിജയിനെ തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ മണ്ണുത്തിയില്‍ നിന്നു പിടികൂടിയത്. ടാറ്റൂ വരയ്ക്കുന്നതില്‍ വിദഗ്ധനായ ഇയാള്‍ ടാറ്റുവരയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ വേണ്ടി ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒരു ഇഞ്ചക്ഷന്‍ എടുത്താല്‍ 6 മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന്‍ ഒരു ഡോസിന് അയ്യായിരം രൂപയാണ് ഈടാക്കിയിരുന്നത്. ബെംഗളൂരു മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന യുവാക്കളില്‍ നിന്ന് ഒരു ഡോസിന് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങിയാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. പ്രസവസമയത്ത് വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഷെഡ്യൂള്‍ഡ് എച്ച് വണ്‍ ഇനത്തില്‍ പെടുന്ന മയക്കുമരുന്നായ പെന്റാസോസിന് മെഡിക്കല്‍ഷോപ്പില്‍ 250 രൂപ മാത്രമാണ് വില. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത് വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. ലഹരിവഴികളില്‍ വ്യത്യസ്തത തേടിയുള്ള പരക്കംപാച്ചിലാണ് യുവാക്കളെ ഈ മയക്കുമരുന്നിലെത്തിച്ചിരിക്കുന്നതെന്നും ഈ ലഹരി മരുന്നിന്റെ ഉപയോഗം കൊണ്ട് മരണംവരെ സംഭവിക്കാമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.വി.റാഫേല്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, കൃഷ്ണപ്രസാദ്, ഷാഡോ എക്‌സൈസ് അംഗങ്ങളായ ബാഷ്പജന്‍, സുധീര്‍കുമാര്‍, സന്തോഷ്ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ ദക്ഷിണാമൂര്‍ത്തി, ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇര്‍ഷാദ്, ഫിജോയ്, ഷാജി, ബിജു, ലത്തീഫ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്

Post A Comment: