ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതിയോട് പ്രതികരിക്കുക എന്നത് മാത്രമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്


ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ. തന്‍റെ ആശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് നടന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പര്യടനത്തിന്‍റെ ഒന്നാംഘട്ടത്തില്‍ സ്വദേശമായ രാമനാഥപുരത്തോടൊപ്പം മധുരൈ, ദിണ്ടിഗല്‍, ശിവഗിരി തുടങ്ങിയ ജില്ലകളിലും കമല്‍ സന്ദര്‍ശനം നടത്തും. തമിഴ്നാട്ടില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതിയോട് പ്രതികരിക്കുക എന്നത് മാത്രമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മധുരൈ റാലിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
ജനുവരിയിലാണ് തന്‍റെ യാത്രയെക്കുറിച്ച്‌ കമല്‍ഹാസന്‍ ആദ്യമായി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച്‌ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം. എന്തെല്ലാമാണ് അവരുടെ പ്രയാസങ്ങള്‍, അവരുടെ ആഗ്രഹങ്ങളെന്ത് എന്നിവയെല്ലാം നേരിട്ട് മനസ്സിലാക്കുക. ഇതൊരു വിപ്ളവമായോ ആളെക്കൂട്ടാനുള്ള തന്ത്രമായോ കണക്കാക്കേണ്ടതില്ലെന്നും കമല്‍ പ്രതികരിച്ചു.
തമിഴകത്തെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിനെ കഴിഞ്ഞ ദിവസം കമല്‍ സന്ദര്‍ശിച്ചിരുന്നു. 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കമല്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തിലേക്ക് സ്റ്റൈല്‍മന്നനെ ക്ഷണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിന് മുന്‍പ് താന്‍ ഇഷ്ടപ്പെടുന്ന എല്ലാവരേയും സന്ദര്‍ശിക്കണമെന്നാണ് തീരുമാനമെന്നും പരിപാടിയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രജനീകാന്താണ് എന്നും കമല്‍ പറഞ്ഞു.
ഭരണത്തിലിരിക്കുന്ന എ.ഐ.ഡി.എം.കെ പാര്‍ട്ടി കാരണമാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. അതിനാല്‍ ആ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരെ കാണാന്‍ ഉദ്ദേശിക്കുന്നില്ല. ഡി.എം.കെ തലവന്‍ എം.കരുണാനിധിയേയും മകന്‍ സ്റ്റാലിനേയും നടന്‍ വിജയ്കാന്തിനേയും കമല്‍ സന്ദര്‍ശിച്ചിരുന്നു.

Post A Comment: