അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ലീഗ് നേതാവ് ഒളിവില്‍


മഞ്ചേരി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ പീഡിപ്പിച്ചതായി പരാതി. കാളിയാര്‍തൊടി കുട്ടന്‍ എന്നയാളാണ് പത്തുവയസുകാരിയെ കഴിഞ് ഡിസംബര്‍ മുതല്‍ പീഡിപ്പിച്ചത്. ഇയാള്‍ ഒളിവിലാണ്.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ടിവി കാണാനെന്ന് പറഞ്ഞും മറ്റും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചത്. രോഗിയായ മുത്തച്ഛന്‍ കിടപ്പിലാണ്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതി മുങ്ങിയിരിക്കയാണെന്ന് മഞ്ചേരി പൊലീസ് പറഞ്ഞു.
ബാല പീഡന കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ കുട്ടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ശനിയാഴ്ച നഗരത്തില്‍ പ്രകടനം നടത്തി. പ്രതിയുടെ കോലം കത്തിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതി മുസ്ലിംലീഗില്‍നിന്ന് രാജിവച്ചതായാണ് വിവരം.

Post A Comment: