വികസനം തടയാന്‍ നടക്കുന്ന നീക്കം പ്രതിരോധിക്കാന്‍ നഗരസഭ അധികൃതര്‍ നടപടി തുടങ്ങി.


കുന്നംകുളം: നഗരസഭ കാണിയമ്പാല്‍ അംബേദകര്‍ കമ്മ്യൂണിറ്റി ഹാളിന്‍റെ മുന്‍ഭാഗം ടൈല്‍ വിരിക്കാനുള്ള നീക്കത്തിനെതിരായ  പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. വികസനം തടയാന്‍ നടക്കുന്ന നീക്കം പ്രതിരോധിക്കാന്‍ നഗരസഭ അധികൃതര്‍  നടപടി തുടങ്ങി. വിഷയം പരിഹരിക്കാന്‍ നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത രണ്ടാമത് യോഗത്തിലും  മുന്‍ കൗണ്‍സിലര്‍ സുഭാഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം തുടര്‍ന്നതോടെയാണ്   അധികൃതര്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നത്.
വികസന പ്രവര്‍ത്തനങ്ങള്‍ തടയുകയല്ല മറിച്ച് കാലക്രമേണ കമ്യൂണിറ്റി ഹാള്‍ മതില്‍കെട്ടി സംരക്ഷിക്കുകയും, നാട്ടുകാര്‍ക്ക് ഇതിനകത്തേക്കുള്ള പ്രവേശനം നിഷേധിക്കപെട്ടേക്കാം എന്നതിനാലാണ്   ടൈല്‍ വിരിക്കുന്നതിലെതിരെ പ്രതിഷേധിക്കുന്നതെന്നാണ് നാട്ടുകാര്‍  പറയുന്നത്. എന്നാല്‍ മതില്‍ കെട്ടില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ അടക്കമുള്ളവര്‍ ഉറപ്പു നല്‍കിയിട്ടും തുടരുന്ന പ്രതിഷേധമാണ് സംഭവത്തിന്‌ പിന്നില്‍ രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ശക്തമാകാന്‍ കാരണം. കമ്മ്യൂണിറ്റി ഹാളില്‍ കാലോചിതമായ നവീകരണങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും  കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൌണ്‍സില്‍ അംഗീകാരം നല്‍കിയതിനാല്‍ കൌണ്‍സില്‍ തീരുമാനമില്ലാതെ പദ്ധതിയില്‍ മാറ്റം വരുത്താനാകില്ല എന്ന് വൈസ് ചെയര്‍മാന്‍ പി എം സുരേഷ് പറഞ്ഞു. അടുത്ത ദിവസം നടക്കുന്ന പൊതുമരാമത്ത് സ്ഥിരം സമിതിയുടെയും വികസന കാര്യ സ്ഥിരം സമിതിയുടെയും യോഗങ്ങളില്‍ വിഷയം ഉള്‍പ്പെടുത്തി അടുത്ത കൌണ്‍സില്‍ യോഗത്തില്‍ കൊണ്ടുവരാനും ശ്രമം നടത്തുന്നുണ്ട്. നഗരസഭാ ഭൂമിയിലെ നിര്‍മ്മാണത്തെ അകാരണമായി തടയുന്നവര്‍ക്ക് മുന്‍പില്‍ തോറ്റ് കൊടുക്കേണ്ടതില്ല എന്ന നിലപാടാണ് ഭൂരിപക്ഷം കൌണ്‍സിലര്‍മാര്‍ക്കും ഉള്ളത്.

Post A Comment: