കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നാണ് ദിവസേന ഇത്തരത്തില്‍ ലിറ്റര് കണക്കിന് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്നത്

കുന്നംകുളം. പാറേമ്പാടത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ സര്‍വീസ് സെന്ററില്‍ നിന്നും മലിനജലവും, കരിഓയില്‍ അടക്കമുള്ളവയും പൊതുകാനയിലേക്ക് ഒഴുക്കി വിടുന്നതായി ആക്ഷേപം. സമീപത്തെ കോള്‍ നിലങ്ങളെ സാരമായി ബാധിക്കുന്ന നിയമലംഘനത്തിനെതിരെ നടപടിയെടുക്കാതെ പോര്‍ക്കുളം പഞ്ചായത്ത് അധികൃതര്‍ നിസ്സംഗത പാലിക്കുന്നു. പാറേമ്പാടം സെന്ററിനു സമീപം പ്രവര്‍ത്തിക്കുന്ന പ്രമുഖ കാര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നാണ് ദിവസേന ഇത്തരത്തില്‍ ലിറ്റര് കണക്കിന് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്നത്. സമീപത്തെ വീട്ടിലേക്കുള്ള വലിയ വാഹനം കയറി സ്ലാബ് തകരുകയും ഇത് മൂലം ജലത്തിന്റെ ഒഴുക്ക് നിലക്കുകയും ചെയ്തിരുന്നു. തകര്‍ന്ന സ്ലാബുകള്‍ തിരക്കിട്ട് മാറ്റാന്‍ കമ്പനി ജീവനക്കാര്‍ ശ്രമം നടത്തുന്നത് കണ്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഒഴുക്ക് നിലച്ച നിലയില്‍ ഓയിലും ഡീസലും മറ്റും കലര്‍ന്ന മലിനജലം കണ്ടത്. തുടര്‍ന്ന് ബ്ലോക്ക്‌ പഞ്ചായത്തംഗം ജ്യോതിഷിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ എത്തി പരിശോധന നടത്തി നിയമ ലംഘനം കണ്ടെത്തിയെങ്കിലും മറ്റു നടപടികളെടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയ്യാറായിട്ടില്ല. തിരുത്തിക്കാട് ബണ്ടുമായി കൂടിച്ചേരുന്നതാന് ഈ കാന. നിലവില്‍ ബണ്ടില്‍ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന സമയമായതിനാല്‍ വലിയ തോതില്‍ ഇത്തരം മലിനജലം കൂടിചേരുന്നത്  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. 

Post A Comment: