പഴയ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 44 സെന്റ്‌ ഭൂമിയാണ്‌ വര്‍ഷങ്ങളായി കാട് പിടിച്ചു കിടക്കുന്നത്.

കുന്നംകുളം:  കോടികള്‍ വിലവരുന്ന നഗരസഭാ ഭൂമി ഉപയോഗ ശൂന്യം.  അധികൃതരുടെ അനാസ്ഥ മൂലം  വര്ഷം തോറും നഗരസഭയ്ക്ക് നഷ്ടപ്പെടുന്നത് നഗര വികസനത്തിന്‌ മുതല്‍കൂട്ടാകേണ്ട ലക്ഷങ്ങളുടെ വരുമാനം.

                കുന്നംകുളം നഗര കേന്ദ്രത്തില്‍ പഴയ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 44 സെന്റ്‌ ഭൂമിയാണ്‌ വര്‍ഷങ്ങളായി കാട് പിടിച്ചു കിടക്കുന്നത്. നഗരത്തിലെ നിലവിലെ ഭൂമിയുടെ മതിപ്പ് വിലയനുസരിച്ച് 6 കോടിക്ക് മുകളില്‍ വില വരുന്ന സ്ഥലമാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്. മുന്‍പ് പാറപ്പുറം കോളനി സ്ഥിതി ചെയ്തിരുന്ന ഈ സ്ഥലം 1996 ലാണ് നഗരസഭ ഒഴിപ്പിച്ചെടുക്കുന്നത്. ഇവിടെ സ്ഥിതി ചെയ്തിരുന്ന 36 വീടുകള്‍ക്കും പകരം സ്ഥലം കണ്ടെത്തി നല്‍കിയാണ് അന്ന് നഗരസഭ ഈ ഭൂമി ഒഴിപ്പിച്ചെടുത്തത്. നഗരത്തിലെ ബൈജു റോഡില്‍ നിന്നും പട്ടാമ്പി റോഡില്‍ നിന്നും പ്രവേശനവും പൊന്നും വിലയുമുള്ള ഈ ഭൂമി അന്നത്തെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് അന്യാധീനപ്പെടാതെ സംരക്ഷിക്കാനായത്. തുടര്‍ന്ന് 2000 ത്തില്‍ അധികാരത്തിലെത്തിയ ഭരണ സമിതി ഇവിടെ നഗരസഭ പച്ചക്കറി മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി കേന്ദ്ര പദ്ധതിയായ ഐ ഡി എസ് എം ടി വഴി 35 ലക്ഷം രൂപ നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഭരണസമിതികള്‍ പദ്ധതിയോട് വേണ്ടത്ര താല്പര്യം കാണിച്ചില്ല . കുറെ കാലം അനുവദിക്കപ്പെട്ട തുക ബാങ്ക് അക്കൌണ്ടില്‍ തന്നെ കിടന്നിരുന്നു. പിന്നീട ഈ പദ്ധതിയെ കുറിച്ച് തന്നെ നഗരസഭ രേഖകളില്‍ പരാമര്‍ശിക്കാതെയായി. ഇത് ലാപ്സ് ആകുകയോ വകമാറ്റി ചിലവഴിക്കുകയോ ചെയ്തിരിക്കാം എന്നാണ് മുന്‍ നഗരസഭ ചെയര്‍മാന്‍ സി വി ബേബി പറയുന്നത്. 15 വര്ഷം മുന്‍പ് പദ്ധതിക്ക് അംഗീകാരം ലഭിച്ച സമയത്ത് തന്നെ പച്ചക്കറി മാര്‍ക്കറ്റിന്‍റെ നിര്‍മാണം നടത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ഇത് മൂലം നഗരസഭയ്ക്ക് ഇതിനകം തന്നെ ലക്ഷങ്ങളുടെ വരുമാനം ലഭിക്കുമായിരുന്നു. ഉദ്ധ്യോഗസ്ഥരുടേയും ഭരണസമിതികളുടെയും നിരുത്തരവാദപരമായ നിലപാടുമൂലം നഗര വികസനത്തിന്‌ ഉപയോഗിക്കാനകുമായിരുന്ന ലക്ഷങ്ങളുടെ വരുമാനമാണ് നഷടമായത്. ഫണ്ട്‌ കണ്ടെത്തി അവിടെ നിര്‍ദ്ദിഷ്ട പച്ചക്കറി മാര്‍ക്കറ്റ് പണികഴിപ്പിക്കാനായാല്‍ അത് നഗരസഭക്ക് വലിയൊരു വരുമാന മാര്‍ഗമായി മാറും.

Post A Comment: