കൊലപാതകത്തില്‍ ഇതുവരെ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്


പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന് നാട്ടുകാരില്‍ നിന്ന് മര്‍ദനമേറ്റിരുന്നതായി എഫ്‌ഐആര്‍. എന്നാല്‍ മധുവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി എഫ്‌ഐആറില്‍ പറയുന്നില്ല.
മധുവിന്‍റെ മരണമൊഴി പുറത്തുവന്നു. നാട്ടുകാര്‍ തന്നെ മര്‍ദിച്ചുവെന്നാണ് മരിക്കുന്നതിന് മുന്‍പ് മധു നല്‍കിയിരിക്കുന്ന മൊഴി. മോഷ്ടാവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ കാട്ടില്‍ നിന്ന് പിടിച്ച്‌ കൊണ്ടുവരികയായിരുന്നെന്നും അടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നും  മരണമൊഴിയില്‍ പറയുന്നു.
അതേസമയം, മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം നാളത്തേക്ക് മാറ്റിവെച്ചു. സമയം വൈകിയതിനാലാണ് പോസ്റ്റ്മോര്‍ട്ടം മാറ്റിവെച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയ ആംബുലന്‍സ് ആദിവാസി സംഘടനകളും മധുവിന്‍റെ ബന്ധുക്കളും തടഞ്ഞു. ഇതാണ് പോസ്റ്റ്മോര്‍ട്ടം വൈകാന്‍ കാരണമായത്. സംഭവത്തിലെ പ്രതികളെ മുഴുവന്‍ പിടിക്കാതെ പോസ്റ്റ്മോര്‍ട്ടം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആംബുലന്‍സ് തടഞ്ഞത്. എസ്പി പ്രതീഷ് കുമാര്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായത്. കുറ്റക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കിയതോടെയാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.
തുടര്‍ന്ന് അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ ആദിവാസികള്‍ റോഡ് ഉപരോധിച്ചു. അറസ്റ്റിലായവരെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യം പൊലീസ് അംഗീകരിക്കാഞ്ഞതിനെ തുടര്‍ന്നാണ് ആദിവാസികള്‍ റോഡ് ഉപരോധത്തിലേക്ക് കടന്നത്.
അതേസമയം, കൊലപാതകത്തില്‍ ഇതുവരെ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച കടയുടമ ഹുസൈന്‍, കരീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


Post A Comment: