കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം പി.


തൃശൂര്‍: മുടിക്കോട് അടിപ്പാത നിര്‍മ്മാണ വിഷയം മാര്‍ച്ച് അഞ്ചിന് ചേരുന്ന ലോകസഭാ സമ്മേളത്തില്‍ ഉന്നയിക്കുമെന്ന് സി എന്‍ ജയദേവന്‍ എം പി പറഞ്ഞു. മുടിക്കോട്, മുളയം എന്നിവിടങ്ങളില്‍ ദേശീയ പാതയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിനുളള തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം പി. മുടിക്കോട് അടിപ്പാത പ്രശ്നം നിയമസഭയില്‍ സബ് മിഷനായി അവതരിപ്പിക്കുമെന്ന് അഡ്വ. കെ രാജന്‍ എം എല്‍ എ യും അറിയിച്ചു. മുളയം അടിപ്പാതയ്ക്കുളള തടസ്സം പരിഹരിക്കുന്നതിന് ദേശീയ പാത അതോറിട്ടിയുടെയും കരാറുകാരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടന്‍ കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ക്കുമെന്നും അഡ്വ. കെ രാജന്‍ പറഞ്ഞു.
       ദേശീയ പാതയുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും നിര്‍മ്മാണപുരോഗതി സാങ്കേതിക വിദഗ്ധരടങ്ങിയ സംയുക്ത സമിതി സന്ദര്‍ശിച്ച് വിലയിരുത്തണം. പീച്ചി കനാലിലൂടെ വെളളം തുറന്നു വിട്ടാല്‍ പട്ടിക്കാട് സെന്‍ററില്‍ ഉണ്ടാകുന്ന ജല നഷ്ടത്തിനും വെളളക്കെട്ടിനും പരിഹാരം ഉണ്ടാക്കിയ ശേഷമേ ജലവിതരണം നടത്താവൂ. കരാര്‍ കമ്പനി സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അശാസ്ത്രീയമായി കാനകള്‍ നിര്‍മ്മിച്ചതിന് പരിഹാരം കാണുക. മുടിക്കോട് വാഹന അടിപ്പാത വന്നാല്‍ ജില്ലയിലൂടെ കിഴക്കന്‍ മേഖലയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് 11 കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ കഴിയും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കും ഗതാഗത കുരുക്കില്ലാതെ പോകാന്‍ അടിപ്പാത ഉപകരിക്കുമെന്നു എം എല്‍ എ പറഞ്ഞു. മുളയത്ത് സിഗ്നല്‍ സ്ഥാപിച്ചാല്‍ മതിയെന്ന നിലപാട് നാഷണല്‍ ഹൈവേ അധികൃതര്‍ പുന:പരിശേധിക്കണമെന്നും യോഗത്തിനെത്തിയ ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
       എ ഡി എം സി.വി.സജന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി അനിത, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. എ എസ് രാമദാസന്‍, ബീന ഭരതന്‍ ജനപ്രതിനിധികളായ വിനീത സന്തോഷ്, ഫ്രാന്‍സിന ഷാജു, എം എസ് കുഞ്ഞപ്പന്‍, പി പി ജോണി, എന്‍ എച്ച് ഡി പി ഡെപ്യൂട്ടി കളക്ടര്‍ പി. ആര്‍. പ്രസാദ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Post A Comment: