കമിതാക്കളെ മറയൂരിന്‍റെ അതിര്‍ത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


ഇടുക്കി: വിഹാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് കാണാതായ കമിതാക്കളെ മറയൂരിന്‍റെ അതിര്‍ത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ നിന്നും ജീര്‍ണ്ണിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറയൂരിന്‍റെ അതിര്‍ത്തി നഗരമായ ഉദുമലപേട്ട ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകന്‍ അരുണ്‍ ശങ്കര്‍(35) ഉദുമലപേട്ട ബോഡിപെട്ടി റവന്യൂ നഗര്‍ രാമചന്ദ്രന്‍റെ മകള്‍ മഞ്ചുള (30) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഈ മാസം ഇരുപതാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഉദുമലപേട്ടയ്ക്ക് സമീപം പറമ്പിക്കുളം ആളിയാര്‍ പ്രോജക്‌ട് കനാലിലെ വെള്ളത്തിലെ കാര്‍ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും എത്തി കാര്‍ കനാലില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിഹാഹ നിശ്ചയത്തിന് ശേഷം അന്ധവിശ്വാസത്തിന്‍റെ ഭാഗമായി വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതിനാല്‍ ആത്മഹത്യ ചെയ്തതെന്നാണ് സംശയം. ഉദുമലപെട്ടയില്‍ വീല്‍ അലയ്മെന്റ് ബിസിനസ് സ്ഥാപനം നടത്തുന്ന അരുണ്‍ ശങ്കറും ശ്രീനിവാസ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ മഞ്ചുളയും തമ്മിലുള്ള വിവാഹം ഇരുവരുടേയും വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഒരേ സമുദായത്തില്‍ പെട്ടവരായിരുന്നു ഇരുവരും. വിവാഹ നിശ്ചയശേഷം ഇരുവരും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തു. ഇതിനിടെ അന്ധവിശ്വസത്തിന്‍റെ ഭാഗമായി അരുണ്‍ ശങ്കറിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ അരുണിനെ നിര്‍ബന്ധിക്കുകയും മഞ്ചുളയുടെ വീട്ടുകാരെ വിവാഹ ബന്ധത്തിന് താത്പര്യം ഇല്ലായെന്ന് അറിയിക്കുകയും ചെയതിരുന്നു. വിവാഹ നിശ്ചയ ശേഷം പ്രണയത്തിലായ ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായിരുന്നില്ല. മഞ്ചുളക്ക് ഒരുവര്‍ഷം മുമ്പ് മറ്റൊരു യുവാവുമായി വിവാഹം നിശ്ചയം നടത്തിയിരുന്നു. ചടങ്ങിന് ശേഷം യുവാവ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതറിയുകയും മഞ്ചുളയെ വിവാഹം ചെയ്താല്‍ വീട്ടില്‍ മരണം സംഭവിക്കുമെന്ന് ജോത്സ്യന്‍ പറഞ്ഞതിനാലുമാണ് അരുണ്‍ ശങ്കറിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്തിരിയാന്‍ തുനിഞ്ഞത്. ഇതിനിടെയാണ് ഇരുപതാം തീയതി മുതല്‍ ഇരുവരെയും കാണാതായത്. വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പെട്ടതാണോയെന്നും പൊലീസ് അന്വേഷണം നടത്തി വരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഉദുമലപേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Post A Comment: