പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷകര്‍ കുറയുന്നു.തൃശൂര്‍: പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷകര്‍ കുറയുന്നു. അപേക്ഷ ക്ഷണിച്ച്‌ മൂന്നുദിവസം പിന്നിടുമ്പോള്‍ താലൂക്കുകളില്‍ അമ്പതോളം അപേക്ഷകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്. പ്രതിദിനം 100 ല്‍ അധികം പേര്‍ എത്തുന്നുണ്ടെങ്കിലും പതിനഞ്ചോളം പേരുടെ അപേക്ഷ മാത്രമേ സ്വീകരിക്കാനാവുന്നുള്ളൂ.  നേരത്തെ, പുതുക്കാന്‍ കഴിയാത്തവരുടെയും താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവരുടെയും അപേക്ഷകളാണ് നിലവില്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന് ആളുകള്‍ കുറവാണ്. നേരത്തെ അവസരം നഷ്ടപ്പെട്ടവരില്‍ കൂടുതല്‍ പ്രവാസികളാണ്. അവരിപ്പോഴും പ്രവാസികള്‍ തന്നെയായതിനാല്‍ പുതുക്കാനാവില്ല. റേഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയതിനാല്‍ കാര്‍ഡ് കൊണ്ട് പ്രയോജനമില്ലെന്ന് കരുതുന്നവരാണ് മറ്റൊരു കൂട്ടര്‍. ഇവരില്‍ നേരത്തെ ഫോട്ടോ എടുത്ത് റേഷന്‍കാര്‍ഡ് തയാറായിട്ടും വാങ്ങാത്തവര്‍വരെയുണ്ട്.  ഇനി ഒരുകൂട്ടരുള്ളത് റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ അഴി എണ്ണേണ്ടി വരുന്നവരാണ്. വ്യാജ റേഷന്‍കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ഫോട്ടോപതിച്ച കൃത്യമായ അന്വേഷണം നടത്തി കൊടുക്കുന്ന റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കാന്‍ എത്തുകയില്ലെന്ന് ഉറപ്പ്. എന്നാല്‍ കാര്‍ഡ് വിഭജനത്തിന് അപേക്ഷ ക്ഷണിക്കുന്നതും കാത്ത് ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴുമുണ്ട്.  പുതിയ വീട് വെച്ച്‌ താമസിക്കുന്നവരാണവര്‍. തറവാട്ടിലെ കാര്‍ഡില്‍ നിന്ന് പേരുമാറ്റി പുതിയ കാര്‍ഡിന് ശ്രമിക്കുന്നവരാണവര്‍. എറണാകുളം ജില്ലയില്‍ മാത്രം ഒരുലക്ഷത്തില്‍ ഏറെ പേരാണ് റേഷന്‍കാര്‍ഡ് അപേക്ഷിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി കാത്തിരിക്കുന്നത്. മറ്റുജില്ലകളില്‍ ഇത് മുക്കാല്‍ ലക്ഷത്തോളവും വരും. ഇക്കൂട്ടര്‍ക്ക് ഏപ്രില്‍ പകുതിയോടെ അപേക്ഷ നല്‍കാനാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അത് സാധ്യമാവുമെന്ന് ഉറപ്പില്ല. നിലവിലെ അപേക്ഷകളില്‍ ആദ്യാവസാന പ്രക്രിയക്ക് കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് കാരണം. കാര്‍ഡ് അംഗങ്ങളുടെ വിവരങ്ങളുടെ പരിശോധന, പരിശോധനക്ക് ശേഷം വിവരങ്ങള്‍ കമ്ബ്യൂട്ടറില്‍ ശേഖരിക്കല്‍, ഡാറ്റ എന്‍ട്രി അടക്കം കാര്യങ്ങള്‍ക്ക് സിഡിറ്റിന്റെ സഹായം വേണം. ഇതും ലാമിനേഷന്‍ അടക്കമുള്ള കാര്യങ്ങളും എങ്ങനെ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതുകൊണ്ട്തന്നെ കാര്‍ഡ് വിഭജനവും തിരുത്തലും കൂട്ടിചേര്‍ക്കലുമൊക്കെ ഇനിയും വൈകാനാണ് സാധ്യത.

Post A Comment: