അഴിമതി തുറന്നുപറയുന്ന ആളുകള്‍ക്ക് സംരക്ഷണം ലഭിക്കാനാണ് കോടതിയില്‍ പോയതെന്ന് ഡിജിപി ജേക്കബ് തോമസ്




ദില്ലി: അഴിമതി തുറന്നുപറയുന്ന ആളുകള്‍ക്ക് സംരക്ഷണം ലഭിക്കാനാണ് കോടതിയില്‍ പോയതെന്ന് ഡിജിപി ജേക്കബ് തോമസ്. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് തനിക്ക് ഭീഷണിയുണ്ടായത്. അഴിമതി ചെയ്യേണ്ട ആള്‍ക്കാര്‍ക്ക് അഴിമതി തുറന്നുകാണിക്കുന്ന ആളുമായി ചേര്‍ന്നുപോകാന്‍ സാധിക്കില്ല. അതുകൊണ്ടാണ് തനിക്കെതിരായി സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായതെന്നും ജേക്കബ് തോമസ്.  'ജനങ്ങള്‍ക്ക് സങ്കടമുണ്ടാകുന്ന ഒരു കാര്യം ഉണ്ടായാല്‍ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണം കാര്യങ്ങള്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കെതിരെ പറയുക എന്നതും ജനങ്ങളോട് ഒപ്പം നില്‍ക്കുന്നതിന്റെ ലക്ഷണമാണ്. തന്റെ കാലത്തും അതിനു ശേഷവും വിജിലന്‍സ് എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പണം എങ്ങനെയും ഉപയോഗിക്കാം എന്നത് അഴിമതിയുടെ രീതിയാണ്. താന്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറി എന്ന് ആരോപിച്ചവരാണ് തന്നോട് പിന്നീട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയത്', അദ്ദേഹം പറഞ്ഞു. വിസില്‍ ബ്ലോവേഴ്സ് സംരക്ഷണ നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പാറ്റൂര്‍ കേസില്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരായാണ് അന്വേഷണം നടന്നിട്ടുള്ളത്. ഈ എതിര്‍ കക്ഷികളെല്ലാം ഇപ്പോള്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ തന്നെ പലതരത്തിലും ദ്രോഹിക്കുകയാണെന്നും അദ്ദേഹം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Post A Comment: