മെഷീനില്‍ പെട്ട് രണ്ടായി മുറിഞ്ഞ കൈപ്പത്തി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി തുന്നിച്ചേര്‍ത്തുകോഴിക്കോട്: കൊപ്ര മെഷീനില്‍ പെട്ട് രണ്ടായി മുറിഞ്ഞ കൈപ്പത്തി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. വെളിച്ചെണ്ണ ഉത്പാദനകേന്ദ്രത്തിലെ കൊപ്ര അരിയുന്ന മെഷീനില്‍ കുടുങ്ങി കൈ അറ്റുപോയ ഇരിട്ടി സ്വദേശിനി ശാന്തയുടെ (58) ഇടതുകൈയാണ് തുന്നിച്ചേര്‍ത്തത്. കഴിഞ്ഞ മാസം 12-ാം തീയതിയാണ് മില്‍ ജീവനക്കാരിയായ ശാന്തയുടെ ഇടത് കൈ മെഷീനില്‍ കുടുങ്ങി രണ്ടായി മുറിഞ്ഞത്. സംഭവം നടന്ന് നാല് മണിക്കൂറിനുള്ളില്‍ തന്നെ ശാന്തയെ ആശുപത്രിയിലെത്തിച്ചു. ഒപ്പം അറ്റുപോയ കൈപ്പത്തിയും. ഉടന്‍തന്നെ ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക്, വാസ്കുലര്‍ ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം തലവന്‍ ഡോ. കെ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ടീം ശസ്ത്രക്രിയക്ക് തയ്യാറായി. ഏഴു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ശാന്തയുടെ സൂക്ഷ്മമായ രക്തക്കുഴലുകളും എല്ലുകളും കൂട്ടിപ്പിടിപ്പിക്കാനായത്. 12 ദിവസത്തിനുശേഷം ആശുപത്രി വിട്ട ശാന്തയുടെ കൈ ഇപ്പോള്‍ 80 ശതമാനവും പ്രവര്‍ത്തനക്ഷമമാണ്. രണ്ടോ മൂന്നോ മാസത്തെ ഫിസിയോതെറാപ്പിയിലൂടെ കൈ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. അപകടം നടന്ന ഉടനെതന്നെ അറ്റുപോയ കൈപ്പത്തി സുരക്ഷിതമായി പ്ലാസ്റ്റിക് കവറിലാക്കി ഐസ് ബാഗില്‍ വച്ച്‌ ആശുപത്രിയിലെത്തിക്കാന്‍ കാണിച്ച ശ്രദ്ധയാണ് ശാന്തയുടെ കാര്യത്തില്‍ നിര്‍ണായകമായതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.കെ എസ് കൃഷ്ണകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. കെ എസ് കൃഷ്ണകുമാറിന് പുറമേ ഡോ അജിത്കുമാര്‍ പതി, ഡോ സജു നാരായണന്‍, ഡോ ബിബിലാഷ് ബാബു, ഡോ. അമൃത മണ്ഡാല്‍, ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ സുരേഷ് എസ് പിള്ള, ഡോ ഷമിം, ഡോ മൊയ്തു ഷമീര്‍, അനസ്ത്യേഷ്യസ്റ്റുമാരായ ഡോ കിഷോര്‍ കെ, ഡോ പ്രീത ചന്ദ്രന്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

Post A Comment: