ജിതിന്‍ രാജ്, ബിനോയ് കോടിയേരി എന്നിവരുള്‍പ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.


തിരുവനന്തപുരം: ഇ.പി ജയരാജന്‍റെ മകന്‍ ജിതിന്‍ രാജ്, ബിനോയ് കോടിയേരി എന്നിവരുള്‍പ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവാദത്തില്‍ സി.പിഎമ്മിനെയും പാര്‍ട്ടി സെക്രട്ടറിയേയും അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് പിണറായി വ്യക്തമാക്കി. കോടിയേരിയുടെ മക്കള്‍ക്ക് ബിസിനസ് ആണ്. ബിസിനസുകാര്‍ തമ്മില്‍ പലപ്പോഴും പല പ്രശ്നങ്ങള്‍ കാണും. കാര്യങ്ങള്‍ എല്ലാം ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ബിസിനസുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഉയരുന്ന വിഷയത്തിന് സഭയുമായി ബന്ധമില്ല. ചന്തയില്‍ പറയേണ്ട കാര്യം സഭയില്‍ പറയേണ്ടേ എന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. അതേസമയം തെറ്റായ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം വേണമെന്നു ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു. തന്‍റെ മകനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ജയരാജന്‍ വ്യക്തമാക്കി. എന്നാല്‍ സോളാര്‍ ആരോപണങ്ങള്‍ സഭ ചര്‍ച്ച ചെയ്തത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. ആരോപണങ്ങളുടെ പിതൃത്വം പ്രതിപക്ഷത്തിന്‍െറ തലയില്‍ കെട്ടിവെക്കണ്ടെന്നും ധാര്‍മിക പ്രശ്നം ആണ് ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ തലയില്‍ കയറിയിട്ട് കാര്യമില്ല. സി.പി.എം കേന്ദ്രകമ്മിറ്റിക്ക് കൊടുത്ത പരാതിയാണ് പുറത്തു വന്നത്. നേതാക്കളുടെ മക്കള്‍ ബിസിനസ് നടത്തുന്നതില്‍ തെറ്റില്ല. പക്ഷെ അത് തട്ടിപ്പാകുമ്ബോള്‍ ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആരോപിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം വാക്കൗട്ട് നടത്തി.


Post A Comment: