ഉറ്റ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ വിഷം കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തി.


അടിമാലി: ഉറ്റ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ വിഷം കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തി. അടിമാലിയിലെ മാനേജ്മെന്റ് സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ഉച്ചവിശ്രമം കഴിഞ്ഞ് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ പലവട്ടം ഛര്‍ദ്ദിച്ചു. അധ്യാപകരോടും സുഹൃത്തുക്കളോടും തലവേദനയും ഛര്‍ദ്ദിയുമാണെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ ഇരുവരുടെയും ഉള്ളില്‍ വിഷം ചെന്നതായി ഡോക്ടര്‍മാരാണ് സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും അറിയിച്ചത്. ഇതിനിടെ അവശനിലയിലായ ഇരുവരെയും രാത്രിയോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ചൊവ്വാഴ്ച രാത്രി ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ സഹോദരനുമായി വഴക്കുണ്ടായതായി പറയുന്നു. ഈ കുട്ടി വാഴയ്ക്ക് തളിക്കുവാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷം എടുത്തുകൊണ്ടാണ് സ്കൂളില്‍ എത്തിയത്. സ്കൂളില്‍ വെച്ച്‌ ഉറ്റസുഹൃത്തായ പെണ്‍കുട്ടിയോട് വീട്ടിലുണ്ടായ പ്രശ്നങ്ങള്‍ വിവരിച്ചശേഷം താന്‍ ജീവനൊടുക്കുകയാണെന്നും പറഞ്ഞ് വിഷം കഴിച്ചു. ഇതോടെ മനോവിഷമത്തിലായ പെണ്‍കുട്ടിയും കൂട്ടൂകാരി കൊണ്ടുവന്ന വിഷം ക്ലാസ് മുറിയില്‍ വെച്ച്‌ കഴിക്കുകയായിരുന്നുവെന്നാണ് വിവരം.

അടിമാലി പോലീസ് ഇന്നലെ രാത്രിയില്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തി മൊഴിയെടുത്തു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

Post A Comment: