ഉത്തര്‍പ്രദേശില്‍ 48 മണിക്കുറിനുള്ളില്‍ നടന്നത് 15 എറ്റുമുട്ടലുകള്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ 48 മണിക്കുറിനുള്ളില്‍ നടന്നത് 15 എറ്റുമുട്ടലുകള്‍. പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 24 കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരില്‍നിന്ന് ആയുധങ്ങള്‍, പണം, ആഭരണങ്ങള്‍, കാര്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നുമാണ് വിവരം. മുസാഫര്‍നഗര്‍, ഗോരഖ്പൂര്‍, ബുലാന്ദഷര്‍, ഷാമിലി, ഹാപുര്‍, മീറത്ത്, ഷരാന്‍പുര്‍, ബാഗപാട്ട്, കാന്‍പുര്‍, ലഖിനൗ എന്നിവിടങ്ങളിലാണ് പൊലീസ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്ദ്രപാലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നേരെയാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഒപി സിംഗ് അറിയിച്ചു. ഇവരില്‍ പലരുടെയും തലയ്ക്ക് സര്‍ക്കാര്‍ 15,000 രൂപ മുതല്‍ 50,000 രൂപവരെ വിലയിട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് പലപ്പോഴും ആരോപണങ്ങള്‍ ഉണ്ടാകാറുണ്ട്.

Post A Comment: