ബജറ്റ് ഒരു സാഹിത്യ സൃഷ്ടി പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2017-18 ലെ ബജറ്റ് ഒരു സാഹിത്യ സൃഷ്ടി പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഎസ്ടി നിലവില്‍ വന്നതോടെ നികുതികള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ അധികാരം നഷ്ടപ്പെട്ടു. തോമസ് ഐസക്ക് ആവട്ടെ 950 കോടി രൂപയുടെ നികുതി ബാധ്യതകള്‍ തന്ത്രപരമായും നിര്‍ദാക്ഷിണ്യമായും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പെട്രോള്‍ -ഡീസല്‍ വില്‍പ്പന നികുതി കുറച്ചു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ നടപടിയുണ്ടായില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ തലയില്‍ കെട്ടിവച്ചു കെഎസ് ആര്‍ ടി സി പെന്‍ഷന്‍ ബാധ്യതയില്‍ നിന്നും രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം. കിഫ്ബി വലിയൊരു തട്ടിപ്പാണെന്ന് ഊന്നിപ്പറയുകയാണ് ഈ ബജറ്റ്. കഴിഞ്ഞ തവണ കിഫ്ബി വഴി നടപ്പാക്കും എന്ന് ഉറപ്പ് നല്‍കിയ അതേ പദ്ധതികള്‍ തന്നെയാണ് ഈ വര്‍ഷവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിലത്തകര്‍ച്ചയില്‍ വലയുന്ന റബര്‍ കര്‍ഷകര്‍ക്കും മറ്റു കാര്‍ഷിക മേഖലകള്‍ക്കും പേരിനെങ്കിലും ആശ്വാസം നല്‍കാന്‍ ബജറ്റിനായില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

Post A Comment: