സി.പി.എം ഭീകര സംഘടനയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


 

കോഴിക്കോട്: സി.പി.എം ഭീകര സംഘടനയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല. യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കൊലപാതകം അന്വേഷിക്കാന്‍ മഹിപാല്‍ യാദവിന്‍റെ നേതൃത്വത്തില്‍ പുതിയ സംഘത്തെ ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന് അനുവാദം ലഭിച്ച ആളാണ് മഹിപാല്‍ യാദവ്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയത് എന്തിനാണെന്ന് അറിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. യഥാര്‍ഥ പ്രതികള്‍ ആരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കണം. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എ.ഡി.ജി.പി രാജേഷ് ദിവാന്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഗൂഢാലോചന കുറ്റം ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൊലപാതകം വലിയ വിഷയമാക്കി കോണ്‍ഗ്രസ് എടുക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ പറയുന്നു. കൊലപാതകം വലിയ വിഷയമല്ലെന്നാണ് സി.പി.എം നിലപാട്. നിരന്തരം കൊലപാതകം നടക്കുന്ന കണ്ണൂരില്‍ ഷുഹൈബിന്‍റെ കൊലപാതകം വിഷയമല്ലെന്ന സി.പി.എം നിലപാട് ക്രൂരമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Post A Comment: