അശാന്തന്‍ മാസ്റ്ററുടെ ചിത്രത്തിന്റെ ഫ്ളക്സും ക്ഷേത്ര കമ്മറ്റിക്കാര്‍ വലിച്ചുകീറി.


എറണാകുളം: ക്ഷേത്രം അശുദ്ധമാകുമെന്ന് ആരോപിച്ച്‌ പ്രശസ്ത ചിത്രകാരന്‍ അശാന്തന്‍ മഹേഷിന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കാത്ത നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ തയാറാകാത്ത ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും യോജിച്ച ഇടമല്ലെന്ന് അക്കാദമി എക്സിക്യുട്ടീവ് കമ്മറ്റി അംഗം കവിത ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കവിത പ്രതിഷേധം രേഖപ്പെടുത്തിയത്. അശാന്തന്റെ മൃതദേഹം മാത്രമല്ല ഒരു കലാകാരന്റെ മൃതദേഹവും ആയിരുന്നു അത്. അത് ബഹുമാനപൂര്‍വം കടത്തിക്കൊണ്ടുവരാന്‍ എങ്കിലും നമുക്കൊന്നും കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും കവിത ചോദിച്ചു. മുന്‍പില്ലാത്ത വിധം ക്ഷേത്രം ഭാരവാഹികളുടെ അനുമതി ഇപ്പോള്‍ വേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നും കവിത ചോദിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്ന നിലയില്‍ അക്കാദമിയുടെ ഭാഗമായി ഇരിക്കുന്നതില്‍ തന്റെ ഉള്ളം അപമാനിതമാണെന്നും കവിത പറഞ്ഞു. ക്ഷേത്രം അശുദ്ധിയാകുമെന്ന് ആരോപിച്ചാണ് അശാന്തന്‍ മഹേഷിന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ക്ഷേത്ര കമ്മറ്റിക്കാര്‍ തടഞ്ഞത്. അശാന്തന്‍ മാസ്റ്ററുടെ ചിത്രത്തിന്റെ ഫ്ളക്സും ക്ഷേത്ര കമ്മറ്റിക്കാര്‍ വലിച്ചുകീറി. ദളിതനായ കലാകാരന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ വലിയ പ്രതിഷേധമാണുയരുന്നത്. അശാന്തന്‍ എന്ന ചിത്രകാരനോട് ചെയ്ത നീതികേടിന്റെ പേരില്‍ നമ്മള്‍ ചരിത്രത്തിന്റെ മുന്നില്‍ കുറ്റക്കാരായി മാറിയില്ലേയെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ് ചോദിച്ചു.

Post A Comment: