5 വയസ്സുകാരന് ദയാവധം നല്‍കണമെന്ന ആവശ്യവുമായി തൃശൂരില്‍ നിന്നുള്ള തമിഴ് കുടുംബം ഡല്‍ഹിയില്‍

തൃശ്ശൂര്‍: ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച 5 വയസ്സുകാരന് ദയാവധം നല്‍കണമെന്ന ആവശ്യവുമായി തൃശൂരില്‍ നിന്നുള്ള തമിഴ് കുടുംബം ഡല്‍ഹിയില്‍. സ്വന്തം മകനെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഒരു അച്ഛനും അമ്മയും യാചിക്കാനുണ്ടായ സാഹചര്യമാണ് മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്നത്. ചികിത്സാ പിഴവിന്‍റെ പേരില്‍ കുരുന്ന് ജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ ഇവിടെ ഈ കുരുന്നിന് കടുത്ത വൈകല്യമാണ് സംഭവിച്ചത്. ഡാനി സ്റ്റെനോ എന്ന ഈ അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നുനിവര്‍ന്നിരിക്കാന്‍ പോലും ആകില്ല. എന്നാല്‍ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും. ഓരോ ശബ്ദം കേള്‍ക്കുമ്പോഴും അവന്‍ അസ്വസ്ഥനാകും. പേടിച്ച്‌ കരയും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇത്രയും ധാരുണമായ ഈ അവസ്ഥയിലുള്ള കുട്ടി കണ്‍മുന്നില്‍ ജിവിക്കുന്നത് കണ്ട് നില്‍ക്കാനാവാത്തതു കൊണ്ടാണ് ഡാനി സ്റ്റെനോയുടെ അച്ഛന്‍ ഡെന്നീസും അമ്മ മേരിയും കുട്ടിയുടെ ദയാവധത്തിനായി കേഴുന്നത്. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. കൊടുംതണുപ്പിലും ഡല്‍ഹിയില്‍ തുടരുകയാണ് ഈ കുടുംബം. കന്യാകുമാരി സ്വദേശികളാണെങ്കിലും കഴിഞ്ഞ പതിനഞ്ചുകൊല്ലമായി തൃശൂരിലാണ് ഇവരുടെ താമസം. കുഞ്ഞിന്‍റെ ഈ അവസ്ഥയ്ക്ക് കാരണക്കാരായ ആശുപത്രിക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തില്ല. നീതി തേടി തമിഴ്നാട്ടുകാരനായ മന്ത്രി പൊന്‍രാധാകൃഷ്ണനെ കണ്ടപ്പോള്‍ കുട്ടിയെ മടിയിലിരുത്തി ഫോട്ടോയെടുത്ത് പറഞ്ഞുവിട്ടു. നിര്‍മ്മാണ തൊഴിലാളിയായ ഡെന്നിസിന് ഒന്നര വയസ്സുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ഡെന്നീസിന് കിട്ടുന്ന ദിവസക്കൂലിയില്‍ നിന്നാണ് ഇവര്‍ നാലുപേരും കഴിയുന്നതും ഈ കുട്ടിയുടെ ചികിത്സയുമെല്ലാം.

Post A Comment: