രണ്ടു വ്യക്തികള്‍ പരസ്പര സമ്മതത്തോടെ വിവാഹിതരായാല്‍ അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രിം കോടതി.


ദില്ലി:  പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ പരസ്പര സമ്മതത്തോടെ വിവാഹിതരായാല്‍ അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രിം കോടതി. രക്ഷിതാക്കളും സമൂഹവും ഉള്‍പ്പെടെ മൂന്നാമതൊരു കക്ഷിക്കും ഇടപെടാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബങ്ങള്‍ക്കോ ഖാപ് പഞ്ചായത്തുകള്‍ക്കോ സമൂഹത്തിനോ അവരെ ആരെയും അവഹേളിക്കാനോ അപകടപ്പെടുത്താനോ അവകാശമില്ലെന്നും സുപ്രിം കോടതി വിശദമാക്കി. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നവരുടെ തീരുമാനം മാത്രമാണ് പരിഗണിക്കേണ്ടത്. കുട്ടികള്‍, സ്വത്ത്, ജീവനാംശം, നഷ്ടപരിഹാരം തുടങ്ങി എന്ത് വിഷയമുണ്ടായാലും കോടതിയിലാണ് തീര്‍പ്പാക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. നിയമലംഘനം നടത്തിയുള്ള വിവാഹമാണെങ്കില്‍ പോലും അതില്‍ ഇടപെടാന്‍ കോടതിയുണ്ട്. അല്ലാതെ സമൂഹത്തിലുള്ള ഒരു വ്യക്തിയെയോ കൂട്ടത്തെയോ ആ ചുമതല ഏല്‍പിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹ വിഷയത്തില്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് ദുരഭിമാനഹത്യപോലെയുള്ള നിഷ്ഠൂരസംഭവങ്ങള്‍ക്ക് വഴിയൊരുക്കുന്നത് ചൂണ്ടിക്കാട്ടി ശക്തിവാഹിനി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ ശ്രദ്ധേയമായ ഇടപെടല്‍.

Post A Comment: