മാണിക്യമലരായ എന്ന ഗാനരംഗം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍.ഒരു അഡാറ് ലവ് സിനിമയിലെ മാണിക്യമലരായ എന്ന ഗാനരംഗം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. ഗാനരംഗം പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതായി ചിത്രത്തിന്‍റെ സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും അറിയിച്ചു. പാട്ടിനു ലഭിച്ച പിന്തുണയാണ് ഗാനരംഗം പിന്‍വലിക്കണമെന്ന തീരുമാനം മാറ്റാന്‍ കാരണമെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കത്തിലെ സമ്മര്‍ദ്ദം കാരണം വിവാദരംഗം പിന്‍വലിക്കാന്‍ ഷാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ വന്‍ പിന്തുണ കാരണം തീരുമാനം മാറ്റുകയായിരുന്നു. പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് പാട്ടിനെതിരെയുള്ള ആരോപണം. പാട്ടിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും കേസ് നിയമപരമായി നേരിടുമെന്നും സംവിധായകന്‍ പ്രതികരിച്ചു. അതേസമയം ചിത്രത്തിലെ നായിക പ്രിയാ വാരിയര്‍ക്കും ഗാനത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെയും ഹൈദരാബാദ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


Post A Comment: