കൊലപാതകം എങ്ങനെ നടത്തിയെന്ന് മിഥുന്‍ പോലിസിനോട് വിശദികരിച്ചു


ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സുജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി മിഥുനെ സംഭവം നടന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഓട്ടോറിക്ഷാ പേട്ടയില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
          സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് സബ് ജയിലില്‍ എത്തിച്ചിരുന്നു. തെളിവെടുപ്പിനും മറ്റു നടപടികള്‍ക്കുമായി പ്രതിയെ പോലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നഗരമദ്ധ്യത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ വന്‍ ജനരോക്ഷമാണ് പ്രതിക്കെതിരെ ഉയര്‍ന്നിരുന്നത് . ഇരിങ്ങാലക്കുട എസ്.ഐ- എം.കെ.സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകം എങ്ങനെ നടത്തിയെന്ന് മിഥുന്‍ പോലിസിനോട് വിശദികരിച്ചു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് മിഥുന്‍റെ പടിയൂരിലുള്ള വീട്ടിലെ മോട്ടോര്‍ ഷെഡില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മിഥുനേ തെളിവെടുപ്പിന് കൊണ്ട് വരുന്ന സമയത്ത് സുജിത്തിന്റെ അച്ഛനും സഹോദരി ഭര്‍ത്താവും സ്ഥലത്ത് എത്തിയിരുന്നു. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും മിഥുനെ രക്ഷപ്പെടുത്താന്‍ ആരോക്കെയോ പുറകില്‍ ഉണ്ടെന്നും അതിന്‍റെ ഭാഗമാണ് ആത്മഹത്യാ നാടകമെന്നും സുജിത്തിന്‍റെ അച്ഛന്‍ പറഞ്ഞു

Post A Comment: