രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനയുമായി ഉലകനായകന്‍ കമല്‍ ഹാസന്‍.


ചെന്നൈ: രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനയുമായി ഉലകനായകന്‍ കമല്‍ ഹാസന്‍. വേണ്ടി വന്നാല്‍ രജനീകാന്തുമായി രാഷ്ട്രീയത്തില്‍ കൈകോര്‍ക്കുമെന്ന് കമല്‍ വ്യക്തമാക്കി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ തുറന്നുപറച്ചില്‍. ഇപ്പോള്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. കാലത്തിന് മാത്രമേ അതിനു മറുപടി നല്‍കാന്‍ കഴിയൂ. രാഷ്ട്രീയ സഖ്യം വേണമെന്ന് ഞങ്ങള്‍ രണ്ടു പേരും ചിന്തിച്ചാല്‍ അത് നടപ്പാക്കുമെന്നും കമല്‍ പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുതല്‍ ലോക്സഭയിലേക്ക് വരെ മത്സരിക്കണമോ എന്നതില്‍ ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും കമല്‍ പറഞ്ഞു. ഇരുതാരങ്ങളും തമ്മില്‍ കൈകോര്‍ത്താല്‍, അത് തമിഴ്നാട് രാഷ്ട്രീയത്തിലെ ആര്യ, ദ്രാവിഡ സഖ്യമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സുധങ്കന്‍ പറയുന്നു. അതേസമയം, ഇരുനേതാക്കളും ഒന്നിക്കാന്‍ തീരുമാനിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് രജനീകാന്തിന്‍റെ 'രജനി മക്കള്‍ മണ്‍ഡ്രം' പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഞങ്ങളുടെ തലൈവര്‍ക്ക് കമലിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആഴത്തില്‍ ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇരുവരുംതമ്മില്‍ ഒരു ധാരണയില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു. ഇരുവരുടേയും സൗഹൃദത്തെ തള്ളിക്കളയുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. ആത്മീയതയില്‍ അടിസ്ഥാനമാക്കിയുള്ളതാണ് രജനീകാന്തിന്‍റെ രാഷ്ട്രീയം. എന്നാല്‍ കമലിന്‍റെ യുക്തിവാദ രാഷ്ട്രീയമാണ്. ഇരുവരുടേയും മാര്‍ഗം വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്- സംസ്ഥാനത്തെ രാഷ്ട്രീയ രീതി മാറ്റുക എന്നത്. ഇതുവരെയും ഔദ്യോഗികമായി ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെങ്കിലും സൗഹൃദത്തെ തള്ളിക്കളയാനില്ലെന്നും രജനീയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. രജനീകാന്ത് ഒരിക്കലും ബി.ജെ.പിയുമായി ബന്ധമുണ്ടാക്കില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. രജനി മക്കള്‍ മന്‍ഡ്രത്തിലേക്ക് പ്രവര്‍ത്തകരെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വെല്ലൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ ജില്ലകളില്‍ ഭാരവാഹികളെയും തെരഞ്ഞെടുത്തുകഴിഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ മറ്റു ജില്ലകളിലും ഭാരവാഹികളുണ്ടാകും.

Post A Comment: