മനുഷ്യനില്‍ എച്ച്‌ 7 എന്‍ 4 പക്ഷിപ്പനി ബാധ കണ്ടെത്തിയതായി ചൈനയുടെ വെളിപ്പെടുത്തല്‍.ഹോങ്കോംങ്: ലോകത്താദ്യമായി മനുഷ്യനില്‍ എച്ച്‌ 7 എന്‍ 4 പക്ഷിപ്പനി ബാധ കണ്ടെത്തിയതായി ചൈനയുടെ വെളിപ്പെടുത്തല്‍. ചൈനയുടെ കിഴക്കന്‍ തീര പ്രവിശ്യയിലെ ഒരു സ്ത്രീയിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. അതേസമയം ചികിത്സയിലൂടെ സ്ത്രീ പൂര്‍ണമായും രോഗ വിമുക്തി നേടിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് ഇക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായാണ് മനുഷ്യനില്‍ എച്ച്‌ 7 എന്‍ 4 കണ്ടെത്തുന്നതെന്നും ചൈന അറിയിച്ചു.  അതേസമയം ചൈനയില്‍ പക്ഷിപ്പനി ബാധ കണ്ടെത്തിയതിനെ ഹോങ്കോങ് മന്ത്രാലയം ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയതും അസുഖ ബാധയില്ലാത്തതുമായ മാംസങ്ങള്‍ മാത്രം കഴിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ലക്ഷണം കാണുകയാണെങ്കില്‍ ചികിത്സ തേടാനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  കഴിഞ്ഞ ഡിസംബറോടെയാണ് തീര പ്രവിശ്യയില്‍ താമസിക്കുന്ന 65 കാരിയായ ജിയാങ്സുവിന് രോഗ ലക്ഷണം കണ്ടെത്തിയത്. തുടര്‍ന്ന് ജനുവരി 1-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് 22 വരെ വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. പൂര്‍ണമായും അസുഖം ഭേദമായതിനു ശേഷമാണ് ജിയാങുസുവിനെ തിരികെ അയച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  കോഴി വളര്‍ത്താലായിരുന്നു ജിയാങ്സുവിന്‍റെ തൊഴില്‍. വളര്‍ത്തു പക്ഷികളില്‍ നിന്ന് അണുബാധ പകര്‍ന്നതാവാം എന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. തണുപ്പുകാലം സാധാരണയായി പക്ഷിപ്പനിയുടെ അണുബാധ വ്യാപിക്കുന്ന സമയമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ജിയാങുസുവുമായി ബന്ധപ്പെട്ട മറ്റാര്‍ക്കും ഇത്തരം പനിയൊ, അണുബാധയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അവരുമായി ബന്ധപ്പെട്ടവരൊക്കെ നിരീക്ഷണത്തിലായിരുന്നെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.  പക്ഷികളില്‍ നിന്നു തന്നെയാണ് വൈറസ് പകര്‍ന്നതെന്നാണ് ചൈനയിലെ രോഗ പ്രതിരോധ നിയന്ത്രണ വകുപ്പ് അറിയിച്ചത്. സാധാരണയായി എച്ച്‌ 7 എന്‍-9 പനി ബാധ ചൈനയില്‍ മനുഷ്യരില്‍ പൊതുവെ കണ്ടു വരാറുണ്ടെന്നും എന്നാല്‍ എച്ച്‌7 എന്‍4 ആദ്യമാണെന്നും അധികൃതര്‍ അറിയിച്ചു. 2013-ല്‍ എച്ച്‌ 7 എന്‍ 9 പനി ബാധിച്ച്‌ ചൈനയില്‍ 600 പേര്‍ മരിക്കുകയും 1500 പേര്‍ക്ക് പനി ബാധിക്കുകയും ചെയ്തിരുന്നതായും അധികൃതര്‍ പറഞ്ഞു. ഇതില്‍ 47 ശതമാനം പേരും ചികിത്സ തേടിയിരുന്നെന്നും അവര്‍ സൂചിപ്പിച്ചു.

Post A Comment: