കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ച് പേരടങ്ങിയ സംഘമാണെന്ന് പൊലീസ്കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ച് പേരടങ്ങിയ സംഘമാണെന്ന് പൊലീസ്. ഇന്നലെ പൊലീസില്‍ കീഴടങ്ങിയ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. കീഴടങ്ങിയവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാല് വെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും പിടിയിലായവര്‍ മൊഴി നല്‍കി. കൊലയാളി സംഘത്തില്‍ ആകെ അഞ്ച് പേരാണുള്ളത്. അഞ്ചുപേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും പൊലീസ് വെളിപ്പെടുത്തി. കേസില്‍ ഇനിയും പിടിയിലാകാനുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. തില്ലങ്കേരി സ്വദേശികളായ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. ഇവരുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നു. അതേസമയം യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഇന്നുമുതല്‍ നിരാഹാരസമരം ആരംഭിക്കും. ഇതേ ആവശ്യമുന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല ഉപവാസസമരത്തിനും ഇന്നു തുടക്കമാകും.

Post A Comment: