സ്‌കൂള്‍ ബസില്‍ നിന്ന് അജഞാതര്‍ തട്ടിക്കൊണ്ടുപോയ ഒന്നാം ക്ലാസുകാരനെ രക്ഷപ്പെടുത്തി


ദില്ലി: കഴിഞ്ഞ മാസം ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ നിന്ന് അജഞാതര്‍ തട്ടിക്കൊണ്ടുപോയ ഒന്നാം ക്ലാസുകാരനെ രക്ഷപ്പെടുത്തി. കഴിഞ്ഞ രാത്രി ഷാഹിബാബാദില്‍ പ്രതികളുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതികളിലൊരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ജനുവരി 25 നാണ് സ്‌കൂള്‍ ബസില്‍ നിന്ന് അഞ്ചു വയസുകാരനെ തട്ടിക്കൊണ്ടുപോയത്. ബെക്കിലെത്തിയ രണ്ട് പേര്‍ ബസ് ഡ്രൈവറുടെ കാലിന് വെടിവെച്ചു വീഴ്ത്തി കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.  ജനുവരി 28 ന് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.
ഫോണ്‍ കോള്‍ വന്നതു മുതല്‍ പൊലിസ് പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. തട്ടിക്കൊണ്ടു പോയ സംഘത്തെ യു.പിയിലെ ഗാസിയാബാദിനു സമീപത്തെ ഷാഹിബാബാദില്‍ വച്ച് പൊലിസ് കണ്ടെത്തി. തുടര്‍ന്ന് അരമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പ്രതികളെ പൊലിസ് കീഴടക്കുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പത്തു ദിവസത്തോളം ഇവര്‍ കുട്ടിയെ സൂക്ഷിച്ചതായി പൊലിസ് പറഞ്ഞു. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

Post A Comment: