തീവണ്ടിയില്‍ നിന്നും വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു
കളമശ്ശേരി: തീവണ്ടിയില്‍ നിന്നും വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം മലയിന്‍കീഴ് മൂങ്ങോട് സ്വദേശി അമ്പിളി(35)ക്കാണ് പരിക്കേറ്റത്. കളമശ്ശേരി നജാത്ത് നഗറിനു സമീപം ബുധനാഴ്ച്ച പുലര്‍ച്ചെ 6.30 ഓടെയാണ് റെയില്‍ പാളത്തിനു സമീപം പരിക്കേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇയാള്‍ മദ്യപിച്ച്‌ ബോധമില്ലാതെ കിടക്കുകയാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ തലയിലെ ആഴത്തിലുള്ള മുറിവില്‍ നിന്നും ചോര ഒലിക്കുന്നത് കണ്ട് നാട്ടുകാരും പോലീസും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവിടെ ന്യൂറോസര്‍ജന്‍ ഇല്ലാത്തതിനാല്‍ സ്വദേശമായ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. നട്ടെല്ലിനും സാരമായ പരിക്കുണ്ട്. കണ്ണൂരില്‍ നിന്നും ജോലികഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. പോക്കറ്റില്‍ നിന്നും ലഭിച്ച തീവണ്ടി ടിക്കറ്റും കടലാസുകളിലും നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് സഹോദരനും ബന്ധുക്കളും ആശുപത്രിയിലെത്തി.

Post A Comment: