പഠിക്കാന്‍ മോഹിച്ച ബാലന്‍.



പാലക്കാട്: ആരുടെ മനസിനെയും പൊള്ളിക്കുന്ന ഒരു കഥയിലെ നായകനാണ് കഴിഞ്ഞ ദിവസം അഗളിയില്‍ നാട്ടുകാര്‍ തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവ്. പഠിക്കാന്‍ മോഹിച്ച ബാലന്‍. കുടുംബ പ്രാരാബ്ധം കാരണം പഠിത്തം വഴിയിലുപേക്ഷിച്ചു കുടുംബം നോക്കാനിറങ്ങി. പ്രണയിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലി മനോനില തെറ്റിച്ചു. ദുരന്ത കഥയിലെ ആ നായകനെ മരണം കൂട്ടിക്കൊണ്ടുപോയതും അതിനേക്കാള്‍ വലിയൊരു ക്രൂരതയിലൂടെ. ഗോത്രവര്‍ഗ്ഗ ഊരായ കടുകുമണ്ണയിലെ മല്ലന്‍റെയും മല്ലികയുടെയും മൂന്നു മക്കളില്‍ ഒരുവന്‍. പഠിക്കാന്‍ താല്പര്യമുണ്ടായിരുന്ന അവനെ ഊരില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലയുള്ള ശ്രീശങ്കര എന്ന സ്ഥലത്തെ കോണ്‍വെന്റില്‍ നിറുത്തി പഠിപ്പിച്ചു. നാലാം ക്ലാസുവരെ അവിടെ നിന്നായിരുന്നു പഠനം. പിന്നെയും അവന്‍ പഠിച്ചു ഏഴാം ക്ലാസുവരെ. അപ്പോഴേക്കും പിതാവ് മല്ലന്‍ ഈ ലോകം വിട്ടുപോയി. രണ്ടു സഹോദരിമാരെയും അമ്മയേയും പോറ്റേണ്ട ചുമതല മധുവിന്റെ ചുമലിലായി. കൊത്തുകാട്ടില്‍ പണിയെടുത്തും. മറ്റ് ആദിവാസികളോടൊപ്പം തേനും കുങ്കില്യവും ശേഖരിച്ചും അന്നത്തിനുള്ള വഴി കണ്ടെത്തി കുടുംബം പോറ്റി. അതിനിടെ ആദിവാസികള്‍ക്കുള്ള തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി ഐ. ടി. ഡി. പി മുഖാന്തരം പാലക്കാട് മുട്ടിക്കുളങ്ങരയിലേക്ക് പോയി. തടിപ്പണിയിലും നിര്‍മ്മാണതൊഴിലിലും വൈദഗ്ദ്ധ്യം നേടി. അവിടെവച്ചു ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. നല്ലൊരു ജീവിതം സ്വപ്നം കണ്ട മധുവിന് പക്ഷേ, സ്വന്തം ജീവിതം കൈവിട്ടുപോകുകയായിരുന്നു. പ്രണയം കടുത്തതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ച്‌ കാര്യം പറഞ്ഞു. പെണ്‍വീട്ടുകാര്‍ ബന്ധം നിരസിച്ചെന്നു മാത്രമല്ല. പട്ടിയെ തല്ലുംപോലെ ക്രൂരമായി മര്‍ദ്ദിച്ചു. സ്വന്തം നാടായ അട്ടപ്പാടിയില്‍ തിരിച്ചെത്തിയത് പെരുമാറ്റത്തിലും സംസാരത്തിലും സ്വാഭാവികത നഷ്ടപ്പെട്ട യുവാവാണ്. അമ്മയും സഹോദരിമാരും അതു കണ്ട് വിങ്ങിപ്പൊട്ടി. ആരെയെങ്കിലും കണ്ടാല്‍ അവന് പേടിയാണ്. കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ പത്തുവര്‍ഷത്തോളം ചികിത്സ നടത്തി. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. തുടര്‍ന്നുള്ള ജീവിതം ഏകാന്തതയിലേക്കു മധു പറിച്ചുനട്ടു. ഒറ്റപ്പെട്ട മലമടക്കിലായി താമസം. വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുമ്ബോള്‍ മാത്രം എന്തെങ്കിലും കഴിക്കാനായി മാത്രം പുറം ലോകത്തേക്കു വന്നു. ആ വരവിലും അവനെ മര്‍ദ്ദിക്കാനായിരുന്നു പലര്‍ക്കും താല്പര്യം. മോഷണക്കുറ്റം ആരോപിച്ചാണ് ഓരോ തവണയും അവനെ മര്‍ദ്ദിച്ചിരുന്നത്. ആ പേടി കാരണം അവന്‍ വിശപ്പ് അടക്കിപ്പിടിച്ചാണ് കാട്ടില്‍ കഴിഞ്ഞിരുന്നത്. വിശപ്പ് സഹിക്കാന്‍ കഴിയാത്ത ഒരു നിമിഷത്തിലാണ് കഴിഞ്ഞ ദിവസം അവന്‍ വീണ്ടും പുറംലോകത്തേക്കു വന്നത്. ആ വരവില്‍ അവന്റെ ജീവനെടുക്കാന്‍ ആളുണ്ടായി. അവനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നവരോട് കാര്യങ്ങള്‍ പറയാനുള്ള മനോബലം അവനുണ്ടായില്ല. ആകെ അവന്‍പറഞ്ഞത് ചില വാക്കുകള്‍ മാത്രം. എനിക്ക് വിശക്കുന്നു....അതേ, ആ വിശപ്പിന്റെ വിളി അവന്‍ മരിച്ചെങ്കിലും കേരളത്തെ വേട്ടയാടിക്കൊണ്ടിരിക്കും.

Post A Comment: