ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്നും നല്‍കിയിരിക്കുന്നത് മാനഭംഗക്കേസല്ലെന്നും സുപ്രീംകോടതി.ദില്ലി: ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്നും നല്‍കിയിരിക്കുന്നത് മാനഭംഗക്കേസല്ലെന്നും സുപ്രീംകോടതി. വിദേശ റിക്രൂട്ട്മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരാണ്. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്‍ഐഎയ്ക്കും മറുപടി നല്‍കാന്‍ സമയം നല്‍കിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഈശ്വറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചു. കേസ് പരിഗണിക്കുന്നത് കോടതി മാര്‍ച്ച്‌ എട്ടിലേക്കു മാറ്റി. ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ഹാദിയ. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. താന്‍ മുസ്‍ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു വൈക്കം സ്വദേശിനി ഹാദിയ കഴിഞ്ഞദിവസം സത്യവാങ്മൂലം നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‍ലാം മതം സ്വീകരിച്ചതും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതും.

Post A Comment: