സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നുകൊല്ലം: സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇന്ധനവില കുറച്ച് മത്സ്യബന്ധനമേഖലയെ സംരക്ഷിക്കുക, ചെറുമീനുകളെ പിടിക്കുന്നതില്‍ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി(സി.എം.എഫ്.ആര്‍.ഐ)ന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ചാണ് 3800 ഓളം വരുന്ന ബോട്ടുകള്‍ സമരം നടത്തുന്നതെന്ന് ഓള്‍കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ചെറുമീന്‍ പിടിക്കുന്നെന്ന പേരില്‍ ബോട്ടുകള്‍ക്ക് ഭീമമായ പിഴയാണ് ഈടാക്കുന്നത്. പിടിച്ചുകൊണ്ടുവരുന്നവയില്‍ അമ്പതുശതമാനത്തില്‍ കൂടുതല്‍ ചെറിയ മത്സ്യങ്ങള്‍ ഉണ്ടങ്കില്‍ മാത്രമേ പിഴയോ നടപടികളോ പാടുള്ളൂ എന്നായിരുന്നു ഇക്കാര്യത്തില്‍ പഠനം നടത്തിയ സി.എം.എഫ്.ആര്‍.ഐ ശുപാര്‍ശ ചെയ്തത് . എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതു നിയമമാക്കിയപ്പോള്‍ ചെറുമീനിന്‍റെ സാന്നിധ്യം ഉണ്ടെങ്കില്‍ നടപടിയെന്നാക്കിയത് മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി മാറി. ഇക്കാര്യത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കേരളാ മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി കാലഘട്ടത്തിന് അനുസരിച്ചല്ല നടപ്പാക്കിയിരിക്കുന്നത്. പ്രാദേശിക-ജില്ലാതല കൗണ്‍സിലുകള്‍ക്കു രൂപം നല്‍കുമെന്ന നിര്‍ദേശവും കാലഹരണപ്പെട്ടതാണ്. ചാള, അയല തുടങ്ങിയ മത്സ്യത്തിന്‍റെ പകുതിയിലധികവും മംഗലാപുരത്തെ ഫിഷ് മീല്‍ ഫാക്ടറിയിലേക്കാണ് കൊണ്ടുപോകുന്നത്. പൊടിക്കുന്നതിനായി ചെറുമത്സ്യം പിടിക്കുന്നവര്‍ക്ക് പിഴയിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍, ഭാരവാഹികളായ ചാര്‍ളി ജോസഫ്, നെയ്തില്‍ വിന്‍സന്റ്, അല്‍ഫോണ്‍സ് ഫിലിപ്പ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post A Comment: