സഭ ട്രസ്റ്റല്ലെന്ന് സത്യവാങ്മൂലത്തില്‍ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.


കൊച്ചി: സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍. വിവാദ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പോലീസിന് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്. സഭ ട്രസ്റ്റല്ലെന്ന് സത്യവാങ്മൂലത്തില്‍ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും മൂന്നാമത് ഒരാള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഭൂമിയിടപാടില്‍ കേസെടുക്കണം എന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
ഭൂമി സ്വകാര്യ ഭൂമി ആണെന്നും ട്രസ്റ്റിന്‍റെ അല്ലെന്നും കര്‍ദിനാളിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ട്രസ്റ്റിന്‍റെ ഭൂമി ആണെന്ന് പരാതിക്കാരന്‍ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്‍റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഭൂമിയുള്‍പ്പെടെ സ്വത്തുക്കള്‍ കത്തോലിക്കാസഭയിലെ ഓരോ അംഗത്തിനും അവകാശമുള്ളതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിരൂപത അതിന്റെ ട്രസ്റ്റി മാത്രമാണ്. അതിരൂപതാ അധികാരികളുടെ നടപടികള്‍ സുതാര്യമാകണം.

ശരിയായ അന്വേഷണമില്ലാതെ ഒതുക്കിത്തീര്‍ക്കുന്നത് സമൂഹത്തിന് തെറ്റായസന്ദേശം നല്‍കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി വിശദ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.


Post A Comment: