കുംഭമാസത്തിലെ കൃഷ്ണപക്ഷത്തെ പതിമൂന്നാം രാത്രിയും പതിനാലാമത് പകലുമാണ് ഹൈന്ദവര്‍ മഹാശിവരാത്രിയായി ആഘോഷിക്കുന്നത്.

ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നാളെ മഹാശിവരാത്രി ആഘോഷിക്കും. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തെ പതിമൂന്നാം രാത്രിയും പതിനാലാമത് പകലുമാണ് ഹൈന്ദവര്‍ മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. വിശ്വാസികള്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് ഈ ദിനം ഉപവാസം അനുഷ്ഠിച്ചും ഓം നമശിവായ മന്ത്രമുരുവിട്ടും ഉറക്കമിളക്കുന്നത് പാരമ്പര്യ ആചാരമായി ഇന്നും പിന്തുടരുകയാണ്. കൂടാതെ ശിവക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാ ചടങ്ങുകളും, ആഘോഷ പരിപാടികളും സംഘടിപ്പിക്കും. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇന്ന് വൈകീട്ട് 5ന് ലക്ഷാര്‍ച്ചനയുടെ സമാപനം കുറിച്ച് കലശ പ്രദക്ഷിണവും തുടര്‍ന്ന് ശിവ സഹസ്രനാമ സമൂഹാര്‍ച്ചനയും നടക്കും. ശിവരാത്രി ദിനമായ നാളെ പുലര്‍ച്ചെ 3 ന് നടതുറക്കും. തുടര്‍ന്ന് നെയ്യഭിഷേകം, നിറമാല, ദീപാലങ്കാരം, ഉഷപൂജ എന്നിവ നടക്കും. 1001 കതിനവെടിയും മുഴങ്ങും. വൈകീട്ട് 6ന് നിറമാലയ്ക്കും ലക്ഷദീപം തെളിയിക്കലിനു ശേഷവും 1001 കതിനവെടികള്‍ മുഴങ്ങും. തുടര്‍ന്ന് ദീപാരാധനയും ഉണ്ടാകും. രാത്രി 10.30ന് അശോകേശ്വരം തേവര്‍ ചെമ്പൂക്കാവ് ഭഗവതി, തിരുവമ്പാടി ഭഗവതി എന്നിവരുടെ എഴുന്നള്ളിപ്പുകള്‍ നടക്കും. ഷൊര്‍ണൂര്‍ റോഡില്‍ സത്രം ജംഗ്ഷനില്‍ നിന്ന് നായ്ക്കനാല്‍ വരെ പഞ്ചവാദ്യവും തുടര്‍ന്ന് ശ്രീമൂലസ്ഥാനം വരെ പാണ്ടിമേളവും അരങ്ങേറും. രാത്രി ഒരു മണിക്ക് എല്ലാ എഴുന്നള്ളിപ്പുകളും ക്ഷേത്ര മതില്‍ക്കകത്തെത്തും. തുടര്‍ന്ന് വിളക്കാചാരവും പതിനൊന്ന് ദേവീദേവന്‍മാരുടെ കൂട്ടി എഴുന്നള്ളിപ്പും നടക്കും. ജില്ലയിലെ പ്രമുഖ ശിവ ക്ഷേത്രങ്ങളായ പെരുവനം, മമ്മിയൂര്‍, ചൊവ്വല്ലൂര്‍പ്പടി, കൂര്‍ക്കഞ്ചേരി, മുതുവറ, പൂങ്കുന്നം എന്നിവിടങ്ങളിലും ശിവരാത്രിയുടെ ഭാഗമായി പ്രത്യേക ആഘോഷ പരിപാടികള്‍ നടക്കും. ചില ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണവും ഉണ്ടാകും.


Post A Comment: