കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വടക്കുകിഴക്കന്‍ മേഖലയിലാണ്.


അഗര്‍ത്തല: ത്രിപുര നാളെ പോളിംഗ് ബൂത്തിലേക്ക്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടത്തിനാണ് ഈ വടക്കുകിഴക്കന്‍ സംസ്ഥാനം നാളെ സാക്ഷ്യം വഹിക്കുന്നത്. 25 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന സി.പി.എം അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭരണം പിടിച്ചെടുക്കാനുള്ള അഭിമാന പോരാട്ടത്തിലായിരുക്കും ബി.ജെ.പി.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വടക്കുകിഴക്കന്‍ മേഖലയിലാണ്. അസ്സമിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ത്രിപുരയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുന്ന കോണ്‍ഗ്രസിന് ഇതുവരെ രണ്ടു തവണ മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
20 സ്ത്രീകള്‍ അടക്കം 297 സ്ഥാനാര്‍ത്ഥികളാണ് 60 അംഗ നിയമസഭയിലേക്ക് മാറ്റുരയ്ക്കുന്നത്. 12,67,785 സ്ത്രീകള്‍ അടക്കം 25,79,060 സമ്മതിദായകരാണുള്ളത്. സി.പി.എം 57 സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കിയപ്പോള്‍ സി.പി.ഐയും ഫോര്‍വേര്‍ഡ് ബ്ലോക്കും റവല്യുഷണറി സോഷ്യലിസ്റ്റ പാര്‍ട്ടിയും ഓരോ സീറ്റുകളില്‍ മത്സരിക്കുന്നു. ബി.ജെ.പി 51 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര ഒന്‍പതിടത്ത് മത്സരിക്കുന്നു. കോണ്‍ഗ്രസ് 59 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റുകളിലും മത്സരിക്കുന്നു.
തൊഴിലില്ലായ്മയും ആദിവാസി മേഖലയിലെ പ്രശ്നങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി നേരിടുന്ന പ്രധാന വെല്ലുവിളി. ആദിവാസികള്‍ ഇത്തവണ സി.പി.എമ്മിനെ കൈവിടുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്ന് സി.പി.എമ്മും അവകാശപ്പെടുന്നു.

Post A Comment: