വിഎസ് പാര്‍ട്ടിക്ക് കീഴടങ്ങിയെന്ന പ്രത്യേകതയും ഇത്തവണത്തെ സമ്മേളനത്തിനുണ്ട്


തൃശൂര്‍: സിപിഐഎം സംസ്ഥാന സമ്മേളനം തൃശൂരിലെത്തുമ്പോള്‍ ശ്രദ്ധകേന്ദ്രം വി എസ് അച്യുതാന്ദനാണ്. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്നും വി എസ് ഇറങ്ങി പോയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രതിനിധിയെന്ന നിലയില്‍ വി എസാണ് സമ്മേളനത്തില്‍ പാതാക ഉയര്‍ത്തുന്നത്.
പാര്‍ട്ടിയെ പലതവണ പ്രതിരോധത്തിലാക്കിയ വി എസിന്‍റെ നിലപാട് ഇത്തവണയും ഏവരും ഉറ്റുനോക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു മുതിര്‍ന്ന കേന്ദ്രകമ്മറ്റി അംഗം സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപോകുന്നത്.
ഇത്തവണത്തെ 14 ജില്ലാ സമ്മേളനങ്ങളില്‍ രണ്ടിടത്ത് മാത്രമായിരുന്നു വിഎസിന്‍റെ സാന്നിധ്യം. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറങ്ങി പോക്കിന് ശേഷം പാര്‍ട്ടിയിലെ ഒറ്റപ്പെടുത്തലും പ്രായവും ഈ വിപ്ലവ സുര്യനെ തളര്‍ത്തിയിരുന്നുവെങ്കിലും സംസ്ഥാന ഘടകത്തിനു വിരുദ്ധമായി യെച്ചൂരി പക്ഷത്താണ് വി എസ് നിലയുറപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ബാന്ധവമടക്കമുള്ള വിഷയങ്ങളില്‍ യെച്ചൂരിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന വി എസിനെ സംശയത്തോടെ തന്നെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. ജില്ലാ സമ്മേളനങ്ങളിലെ പൊതുയോഗങ്ങളില്‍ നിന്നും വി എസിനെ ഒഴിവാക്കിയത് ഇതുകൊണ്ട് തന്നെയാകാം.
ഒരു പതിറ്റാണ്ടുകാലം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിഭാഗീയതക്ക് കാരണമായ വിഎസ് പാര്‍ട്ടിക്ക് കീഴടങ്ങിയെന്ന പ്രത്യേകതയും ഇത്തവണത്തെ സമ്മേളനത്തിനുണ്ട്.

Post A Comment: