കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്ന ബി.ജെ.പിയാണ് നാല്‍പ്പതോളം സീറ്റുകളുമായി ലീഡ് ചെയ്യുന്നത്.



ദില്ലി: തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് .
ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ബി.ജെ.പി. വ്യക്തമായ സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു.
ഇതോടെ  25 വര്‍ഷത്തെ സി.പി.എം ഭരണത്തിനു അവസാനമാവുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്ന ബി.ജെ.പിയാണ് നാല്‍പ്പതോളം സീറ്റുകളുമായി ലീഡ് ചെയ്യുന്നത്. 
ആദ്യ മണിക്കൂറുകളിലേ സി.പി.എമ്മിനെ വിറപ്പിച്ച ബി.ജെ.പി അധികം വൈകാതെ തന്നെ കേവല ഭൂരിപക്ഷം പിന്നിട്ടു. ആദ്യം  ലീഡ് മാറിമറിഞ്ഞെങ്കിലും അവസാന മണിക്കൂറുകളില്‍ സി.പി.എമ്മിന്‍റെ ലീഡ് ഇടിയുകയായിരുന്നു. വോട്ടെണ്ണലിന്‍റെ  ആദ്യത്തില്‍ ഏതാനും സീറ്റുകളില്‍ സാന്നിധ്യമറിയിച്ചെങ്കിലും കോണ്‍ഗ്രസ് പിന്നീട് ചിത്രത്തിലെങ്ങും ഉണ്ടായില്ല.
നാഗാലാന്‍ഡിലും ബി.ജെ.പി സഖ്യംതന്നെയാണ് വിജയകുതിപ്പ് തുടരുന്നത്.
33 സീറ്റുകളില്‍ ബി.ജെ.പി-എന്‍.ഡി.പി.പി സഖ്യം മുന്നേറുകയാണ്. അതേസമയം, ആദ്യം ലീഡ് നിലനിര്‍ത്തിയ എന്‍.പി.എഫ് പിന്നീട് തകര്‍ന്നു .
ഒരു സീറ്റില്‍ മാത്രം ലീഡുണ്ടായിരുന്ന കോണ്‍ഗ്രസ് പിന്നീട് സംപൂജ്യരായി. മറ്റുള്ളവര്‍ അഞ്ചു സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.
എന്നാല്‍  മേഘാലയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.
25 സീറ്റിലാണ് കോണ്‍ഗ്രസ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ചേര്‍ത്ത് ബിജെപി രൂപവത്കരിച്ച നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമായ എന്‍.പി.പി 11 സീറ്റില്‍ മുന്നിലുണ്ട്. മറ്റുള്ളവര്‍ 14 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Post A Comment: