നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചെറിയ തോതില്‍ ചെറുത്തുനില്‍പ്പുണ്ടാകും. അത് ഒറ്റപ്പെട്ട മനസ്സിന്‍റെ പ്രവര്‍ത്തനമായി കണ്ടാല്‍ മതി.
കുന്നംകുളം:നമ്മുടെ നാട് വികസിക്കേണ്ടതുണ്ടെന്നും അതിനായി 
ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുന്നംകുളം പുതിയ ബസ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ കുന്നംകുളം താലൂക്കിന്‍റെയും ഇ-ഓഫീസിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
പൊതുനന്‍മക്കായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്. നല്ലകാര്യങ്ങള്‍ 
ചെയ്യുമ്പോള്‍ ചെറിയ തോതില്‍ ചെറുത്തുനില്‍പ്പുണ്ടാകും. അത് ഒറ്റപ്പെട്ട മനസ്സിന്‍റെ പ്രവര്‍ത്തനമായി കണ്ടാല്‍ മതി. 
എന്നിരുന്നാലും നമുക്ക് നമ്മുടെ നാടിനെ മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ഹ്യൂമന്‍ ഡവലപ്മെന്‍റ് ഇന്‍ഡക്സില്‍ വികസിക്കുന്ന 
രാജ്യത്തിനോടടുത്താണ് സംസ്ഥാനം നില്‍ക്കുന്നത്. എങ്കിലും അടിസ്ഥാന സൗകര്യ വികസനവുമായി മുന്നോട്ടുപോകണം. സര്‍ക്കാര്‍ അതിനാണ് ശ്രമിക്കുന്നത്. ആവശ്യത്തിന് വൈദ്യുതിയും നല്ല റോഡുകളും ചരക്കുഗതാഗത സംവിധാനങ്ങളും ലോകനിലവാരമുള്ള നഗരഗതാഗതവും വാണിജ്യ സൗകര്യങ്ങള്‍ക്ക് തുറമുഖങ്ങളും കേരളം പൊതുവില്‍ വിദേശ സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമായതുകൊണ്ട് എയര്‍പോര്‍ട്ടും ആവശ്യമാണ്. ഈ രീതിയില്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടരുത്. അത് മുന്നില്‍ കണ്ടുകൊണ്ടാണ് നേരത്തെ തന്നെ ഹരിതകേരള മിഷന്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
       
ഈ രീതിയില്‍ കേരളം വളരണമെങ്കില്‍ നല്ലകാര്യക്ഷമതയുള്ള ]സിവില്‍ സര്‍വ്വീസ് വേണം. അതുകൊണ്ടാണ് സിവില്‍ സര്‍വ്വീസിന്‍റെ നവീകരണത്തിന് പ്രാധാന്യം നല്‍കുന്നത്. സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അതിലൊന്നാണ് പേപ്പര്‍ലെസ് ഓഫീസ്. കുന്നംകുളം താലൂക്ക് പൂര്‍ണ്ണമായും കടലാസ് രഹിത ഓഫീസായിട്ടാണു പ്രവര്‍ത്തിക്കുക. ഈ രീതിയില്‍ ഊര്‍ജ്ജസ്വലമായി ഓഫീസ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അളവില്‍ ജീവനക്കാര്‍ വേണം. അതിനാവശ്യമായ തസ്തിക വേണമെങ്കില്‍ പുതിയതായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
       
ഇതോടൊപ്പം ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ വരുന്നവരോട് 
മാന്യമായി ജീവനക്കാര്‍ പെരുമാറണം. ഓരോ അപേക്ഷയിലും തീരുമാനമെടുക്കാന്‍ ഏറ്റവും കുറഞ്ഞ സമയമെടുക്കണം. ജീവനക്കാര്‍ ഇത് തത്വമായി അംഗീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ആത്മപരിശോധന നടത്തണം. ഓഫീസിനകത്തെ സമ്പ്രദായമായിതു മാറ്റണം. എങ്കില്‍ മാത്രമേ തെറ്റായ ശീലങ്ങളുമായി തുടരുന്നവരെ തിരുത്താനാവൂ. എക്കാലത്തും നിലനില്‍ക്കുന്ന ചുവപ്പുനാടയെക്കുറിച്ചുള്ള ഭീതി എന്നാല്‍ മാത്രമേ മാറ്റാനൊക്കൂ. അതിന് മേല്‍പറഞ്ഞ സമീപനം ആവശ്യമാണ്. 
ജീവനക്കാരുടെ സംഘടനകള്‍ ഒന്നിച്ച് ഇതിനായി സഹകരിക്കാമെന്നും പറയുകയുണ്ടായി. ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ തുടര്‍നടപടികളെക്കുറിച്ച് ചിന്തിച്ചുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
       
ചിലകാര്യങ്ങള്‍ക്ക് പരിഹാരമില്ലെന്നാണ് പലരും പറയുക. 
എന്നാല്‍ നാം വിചാരിച്ചാല്‍ പരിഹാരം കാണാന്‍ കഴിയും. കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടുമോ എന്നു ചിന്തിച്ചവര്‍ക്ക് ഇപ്പോള്‍ മാറ്റി ചിന്തിക്കേണ്ട അവസ്ഥയുണ്ട്. പെന്‍ഷന്‍ എല്ലാവര്‍ക്കും ലഭിച്ചു. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിന് തടസമായിരുന്ന കാര്യങ്ങള്‍ക്കു പരിഹാരമായി. കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
       
നഷ്ടത്തിലായിരുന്ന 14 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടം നികത്തി 
ലാഭത്തിലാക്കി. കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഗത്ത് പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വില്പന നടത്തുകയും പൂര്‍ണ്ണമായി വില്‍ക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ വില്ക്കാതിരിക്കാന്‍ വലിയ ശ്രമമാണ് കേരള സര്‍ക്കാര്‍ നടത്തിയത്. വലിയ സാമ്പത്തികമുള്ള സംസ്ഥാനമല്ലെങ്കിലും പൊതുമേഖല സ്ഥാപനങ്ങളെ കൈയ്യൊഴിയില്ലെന്ന തീരുമാനമെടുക്കുകയും അവ ഏറ്റെടുത്ത് നടത്തുകയും ചെയ്തത് തൊഴിലാളികളോടും നാടിനോടുമുള്ള പ്രതിബദ്ധത കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
     
ഉല്പാദന മേഖല ഉള്‍പ്പെടെ സമസ്ത മേഖലകളും 
മുന്‍നിരയിലെത്തിക്കഴിഞ്ഞു. നീതിയുക്തമായി കാര്യങ്ങള്‍ ചെയ്യാനും നിര്‍വ്വഹിക്കാനും കഴിഞ്ഞു. കാര്‍ഷിക-വ്യവസായ മേഖലയില്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. അതിനൊപ്പം പശ്ചാത്തല വികസനത്തിന് വലിയ മുന്‍ഗണന നല്‍കുന്നുമുണ്ട്. സാധാരണ ഇക്കാര്യങ്ങള്‍ക്ക് ബജറ്റുതുകയാണ് ഉപയോഗിക്കാറ്. ബജറ്റിനു പുറമേ 50,000 കോടി രൂപ സമാഹരിച്ച് വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. പരമ്പരാഗത മേഖല ശക്തിപ്പെടുത്തി സാമൂഹിക സുരക്ഷയ്ക്കുള്ള നടപടിയും സര്‍ക്കാറെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
       
നമ്മുടെ പ്രകൃതിയും വിഭവങ്ങളും വരുംതലമുറയ്ക്ക് കൂടുതല്‍ 
ഐശ്വര്യപൂര്‍ണ്ണമായി കൈമാറേണ്ടതുണ്ട്. അതിനായി ജലസ്രോതസ് ശുദ്ധീകരിക്കല്‍, പച്ചപ്പരപ്പ് ശരിയായ രീതിയില്‍ തിരിച്ചുപിടിക്കല്‍, കൃഷി വ്യാപിപ്പിക്കല്‍, മാലിന്യ സംസ്കരണം എന്നിവയും ചെയ്യുന്നുണ്ട്. ആരോഗ്യരംഗം കാലാനുസൃതമായി മെച്ചപ്പെടുത്തി. ആശുപത്രികള്‍ രോഗീസൗഹൃദമാക്കി. കുടുംബങ്ങള്‍ക്കായി കുടുംബഡോക്ടര്‍. ഇതിന്‍റെ ആദ്യപടിയായി കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസരംഗത്തും കാലാനുസൃതമായ മാറ്റമുണ്ടാക്കി. 
ലോകത്ത് എവിടെയും ലഭ്യമാകുന്ന മികവാര്‍ന്ന വിദ്യാഭ്യാസവും ഇവിടെയും ലഭ്യമാകുന്ന വിധത്തിലാക്കി. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങള്‍ ശക്തമാക്കി, പശ്ചാത്തല സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളുമൊരുക്കി. സ്വന്തമായി കിടപ്പാടമില്ലാത്ത 5 ലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് വീടും ഉപജീവനവും നല്‍കുന്ന പദ്ധതിയാണ് ലൈഫ.് ഇവയ്ക്കെല്ലാം എല്ലാ വിഭാഗം ആളുകളുടേയും പിന്‍തുണയുണ്ട്. നാട് വികസിക്കുകയും മെച്ചപ്പെടേണ്ടതുമുള്ളതുകൊണ്ടാണ് ഈ പിന്‍തുണയെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സര്‍ക്കാരിന്‍റെ പ്രയോജനം ദുര്‍ബലര്‍ക്കും 
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അശരണര്‍ക്കും ലഭിക്കണം. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സര്‍ക്കാരാണ് ഈ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം താലൂക്ക് വന്നതിലൂടെ ഭരണപരമായ സൗകര്യങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയും. ഭരണപരമായ സൗകര്യങ്ങളിലൂടെ സര്‍ക്കാരിന് നേട്ടമുണ്ടാക്കാന്‍ കഴിയും. 

ഇതോടെ കുന്നംകുളം താലൂക്ക് സംസ്ഥാനത്തെ 77-ാമത് 
താലൂക്കായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മൂന്നര പതിറ്റാണ്ടുകാലത്തെ ആവശ്യം നിറവേറ്റാനായതില്‍ സന്തോഷമുണ്ട്. അതിനായി പ്രവര്‍ത്തിച്ച മുന്‍ എം.എല്‍.എമാരുള്‍പ്പെടെയുളള ജനപ്രതിനിധികളോടും വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ കടപ്പാട് രേഖപ്പെടുത്തി. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനത്തിന് എല്ലാവരുടെയും പിന്‍തുണയുണ്ടായാല്‍ വേഗത്തില്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്‍റെ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തുക. അതിന്‍റെ സാധ്യത ആരാഞ്ഞ് വിപുലമായ ചര്‍ച്ചകളുണ്ടാകണമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. 

എം.പി.ഡോ.പി.കെ.ബിജു, എം.എല്‍.എമാരായ മുരളിപെരുനെല്ലി
ബി.ഡി.ദേവസി, ഗീതാഗോപി, അഡ്വ.കെ.രാജന്‍, പ്രൊഫ. കെ.യു.അരുണന്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, യു.ആര്‍.പ്രദീപ്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ്, കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാരവീന്ദ്രന്‍, മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍, മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍, മുന്‍ എം.എല്‍.എമാരായ ബാബു എം.പാലിശേരി, ടി.വി. ചന്ദ്രമോഹന്‍, എ.ഡി.എം സി.ലതിക, ത്രിതല പഞ്ചായത്തു പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ.എ.കൗശികന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ സ്വാഗതവും സബ് കളക്ടര്‍ ഡോ. രേണുരാജ് നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും റവന്യുമന്ത്രി ചന്ദ്രശേഖരനും വ്യവസായമന്ത്രി എ.സി.മൊയ്തീനും നഗരസഭ ചെയര്‍ പേഴ്സണ്‍ സീതാരവീന്ദ്രന്‍, കലാമണ്ഡലം സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.വാസു എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കുന്നംകുളം താലൂക്കിന്‍റെ ഭൂപടം കൈമാറല്‍ ചടങ്ങും നടന്നു.

കടവല്ലൂര്‍, കരിക്കാട്, പെരുമ്പിലാവ്, പഴഞ്ഞി, കാട്ടകാമ്പാല്‍, 
പോര്‍ക്കുളം, അകതിയൂര്‍, മങ്ങാട്, കുന്നംകുളം, അഞ്ഞൂര്‍, ആര്‍ത്താറ്റ്, കാണിപ്പയ്യൂര്‍, കണ്ടാണശേരി, ആളൂര്‍, ചൂണ്ടല്‍, ചെമ്മന്തട്ട, ചൊവ്വന്നൂര്‍, ചിറമനേങ്ങാട്, വെള്ളറക്കാട്, കടങ്ങോട്, ഇയ്യാല്‍, ചിറനെല്ലൂര്‍, എരനെല്ലൂര്‍, വേലൂര്‍, കിരാലൂര്‍, തയ്യൂര്‍, വെള്ളാറ്റഞ്ഞൂര്‍, നെല്ലുവായ്, കരിയന്നൂര്‍ എന്നീ 29 വില്ലേജുകള്‍ തൃശൂര്‍ ജില്ലയിലെ ഏഴാമത്തെ താലൂക്കായ കുന്നംകുളം താലൂക്കില്‍ ഉള്‍പ്പെടുന്നു. 18 വില്ലേജ് ഓഫീസുകളില്‍ 7 എണ്ണം ഗ്രൂപ്പ് വില്ലേജുകളും 10 എണ്ണം സിംഗിള്‍ വില്ലേജുകളുമാണ്. താലൂക്കിന്‍റെ വിസ്തീര്‍ണ്ണം 19299.37 ഹെക്ടറും 2011 ലെ സെന്‍സെസ് പ്രകാരം ജനസംഖ്യ 232504 ഉം ആണ്.

Post A Comment: