ഇളമ്പലില്‍ സുഗതന്‍റെ കുടുംബത്തിന് വര്‍ക്ക് ഷോപ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്കി.


പുനലൂര്‍: കൊടിനാട്ടല്‍ സമരത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഇളമ്പലില്‍ സുഗതന്‍റെ കുടുംബത്തിന് വര്‍ക്ക് ഷോപ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്കി. അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ് തുടങ്ങാനാണ് രേഖാമൂലം അനുമതി നല്കിയിരിക്കുന്നത്. വര്‍ക്ക് ഷോപ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സുഗതന്‍റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്കിയിരുന്നു. അതേത്തുടര്‍ന്ന് പഞ്ചായത്തിനെ സമീപിച്ച സുഗതന്‍റെ കുടുംബത്തിന്‍റെ ആവശ്യം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരികയും അനുകൂല തീരുമാനം സ്വീകരിക്കുകയുമായിരുന്നു. ഇതനുസരിച്ച്‌ രേഖാമൂലം അനുമതി നല്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. ഉടന്‍തന്നെ ലൈസന്‍സ് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക് ഷോപിനു മുന്നില്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് മനംനൊന്താണ് പ്രവാസിയായ സുഗതന്‍ രണ്ടാഴ്ച്ച മുമ്പ് നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക് ഷോപിനുള്ളില്‍ തൂങ്ങിമരിച്ചത്.


Post A Comment: