കാഠ്മണ്ഡു വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് 47 പേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം സിഗ്നലിലെ ആശയക്കുഴപ്പമെന്ന് റിപ്പോര്‍ട്ട്


കാഠ്മണ്ഡു: കാഠ്മണ്ഡു വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് 47 പേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം സിഗ്നലിലെ ആശയക്കുഴപ്പമെന്ന് റിപ്പോര്‍ട്ട്. പൈലറ്റും കണ്‍ട്രോള്‍ റൂമും തമ്മില്‍ ആശയവിനിമയത്തിലുണ്ടായ തകരാറ് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. വിമാനം ഏത് ദിശയില്‍ ഇറക്കണമെന്നത് സംബന്ധിച്ച് എയര്‍ ട്രൊഫിക് കണ്‍ട്രോള്‍ വിഭാഗം പൈലറ്റുമായി സംസാരിച്ചപ്പോള്‍ വടക്കുഭാഗത്ത് നിന്നാണ് റണ്‍വെയിലേക്ക് വരുന്നതെന്നാണ് അറിയിച്ചിരുന്നത്. ഇതിന് കണ്‍ട്രോള്‍ റൂം അനുമതി നല്‍കിയിരുന്നു. പിന്നീട് വിമാനം വടക്ക്കിഴക്കു ഭാഗത്ത് നിന്നുമാണ് ലാന്‍ഡ് ചെയ്യുന്നതെന്നറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നും ഇതിനും അനുമതി നല്‍കുകയായിരുന്നു.
കൂടാതെ നേപ്പാളി പൈലറ്റും ടവറും തമ്മില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് നടന്ന മറ്റൊരു സംഭാഷണത്തിലും ആശയക്കുഴപ്പം വ്യക്തമാണ്. എന്തോ ആശയക്കുഴപ്പമുള്ളതുപോലെ തോന്നുന്നുഎന്ന് വിമാനത്തില്‍ നിന്നും ആരോ പറയുന്നതും പുറത്തുവിട്ട സംഭാഷണത്തില്‍ കേള്‍ക്കാം. ലാന്‍ഡ് ചെയ്യട്ടേ എന്ന് പൈലറ്റ് ചോദിക്കുന്നതും പരിഭ്രമത്തോടുകൂടി ഞാന്‍ വീണ്ടും പറയുകയാണ്, തിരിക്ക്എന്നും കേള്‍ക്കാം. എന്നാല്‍ കണ്‍ട്രോള്‍ ടവറില്‍ നിന്നുളള നിര്‍ദേശങ്ങള്‍ പൈലറ്റ് അനുസരിച്ചില്ല എന്ന് കാഠ്മണ്ഡു എയര്‍പോര്‍ട്ട് മാനേജര്‍ വ്യക്തമാക്കി.
67 യാത്രക്കാരും നാല് ജീവനക്കാരും അടങ്ങിയ വിമാനമാണ് എയര്‍പോര്‍ട്ടില്‍ വെച്ച് തകര്‍ന്നത്. അപകടത്തില്‍ 49 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുഎസ് ബംഗ്ല എയര്‍ലൈന്‍സ്കമ്പനിയുടെ ഡാഷ് ക്യു 400 വിമാനമാണ് തകര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.20നായിരുന്നു അപകടം.

Post A Comment: