പിണറായി വിജയനെ കൊല്ലാന്‍ കെ സുധാകരന്‍ ലക്ഷ്യമിട്ടിരുന്നതായി ഇപി ജയരാജന്‍.

കണ്ണൂര്‍: പിണറായി വിജയനെ കൊല്ലാന്‍ കെ സുധാകരന്‍ ലക്ഷ്യമിട്ടിരുന്നതായി ഇപി ജയരാജന്‍ എംഎല്‍എയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. നാല്‍പാടി വാസുവിന്‍റെ കൊലപാതകത്തില്‍ സുധാകരന്‍ നേരിട്ടു പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ സിപിഎം പ്രവര്‍ത്തകനായ നാല്‍പ്പാടി വാസുവധക്കേസുമായി ബന്ധപ്പെട്ട് കെ സുധാകരനെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ ആരോപണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നാല്‍പ്പാടി വാസു വധക്കേസില്‍ മാത്രമല്ല പിണറായി വിജയനെ വധിക്കാനും സുധാകരന്‍ ലക്ഷ്യമിട്ടതായി ഇപി ജയരാജന്‍റെ ആരോപണം. സിപിഐഎം -ആര്‍എസ്‌എസ് അക്രമത്തിനു തുടക്കം കുറിച്ച നേതാവാണു പിണറായി വിജയനെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരുവില്‍ കള്ളുകുടിച്ചതു പോലെയാണു നാല്‍പാടി വാസു വധത്തെക്കുറിച്ച്‌ പിണറായി സംസാരിക്കുന്നത്. താന്‍ പോലീസിന്‍റെ തോക്ക് വാങ്ങി വെടിവച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Post A Comment: