മലമ്പുഴ ധോണിയില്‍ നിന്നിറങ്ങിയ കാട്ടാനക്കൂട്ടം സഞ്ചരിച്ച വഴിയിലൂടെയാണ് ഈ കൊമ്പന്മാരും നീങ്ങുന്നതെന്ന് വനംവകുപ്പ്.പാലക്കാട്: ഭാരതപുഴയുടെ തുരുത്തില്‍ നിലയുറപ്പിച്ച്‌ കാട്ടുകൊമ്പന്മാര്‍. ഒറ്റപ്പാലം മീറ്റ്ന ഭാഗത്തായാണ് രണ്ടു കൊമ്പന്മാര്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് തിരുവില്ലാമല മേഖലയില്‍ രണ്ടു കാട്ടുകൊമ്പന്മാര്‍ കാടിറങ്ങിയത്. രണ്ടു ദിവസമായി പൂതനൂര്‍ മുച്ചിരി, കല്ലൂര്‍ പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത ആന വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ വരുത്തിയിരുന്നു. തുടര്‍ന്ന് രാത്രിയോടുകൂടി ഭാരതപ്പുഴ കടന്ന് വീണ്ടും ആനകള്‍ തിരിച്ച്‌ ഇറങ്ങുകയായിരുന്നു. തൃശ്ശൂര്‍, പാലക്കാട് നിന്നുള്ള വനപാലക സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. അട്ടപ്പാടിയില്‍ നിന്നും വയനാടുമുള്ള വിദഗ്ധര്‍ എത്തി ഇന്നു വൈകുന്നേരത്തോടെ കാട്ടിലേക്ക് ആനയെ തുരത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൂന്നു കാട്ടാനാകള്‍ തിരുവില്വാമലയില്‍ എത്തിയിരുന്നു. അന്നും ഏറെ ശ്രമകരമായാണ് ആനകളെ കാടു കയറ്റിയത്. മലമ്പുഴ ധോണിയില്‍ നിന്നിറങ്ങിയ കാട്ടാനക്കൂട്ടം സഞ്ചരിച്ച വഴിയിലൂടെയാണ് ഈ കൊമ്പന്മാരും നീങ്ങുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. അതിനാല്‍ തന്നെ കഴിഞ്ഞ പ്രാവശ്യം കാടിറങ്ങിയ കൊമ്പന്മാര്‍ തന്നെയാണോ ഇത്തവണയും ജനവാസമേഖലയില്‍ എത്തിയിരിക്കുന്നതെന്ന സംശയവും പരിശോധിച്ചു വരികയാണ്.

Post A Comment: