മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ പ്രധാന പ്രതി പ്രവീണ്‍ ലിംകാര്‍ (44) സംഘപരിവാര്‍ പ്രതിസ്ഥാനത്തുള്ള ഗോവാ സ്‌ഫോടനക്കേസില്‍ ഇന്റര്‍പോള്‍ തേടിക്കൊണ്ടിരിക്കുന്ന പ്രതി യാണെന്ന് പൊലിസ്.


ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ പ്രധാന പ്രതി പ്രവീണ്‍ ലിംകാര്‍ (44) സംഘപരിവാര്‍ പ്രതിസ്ഥാനത്തുള്ള ഗോവാ സ്‌ഫോടനക്കേസില്‍ ഇന്റര്‍പോള്‍ തേടിക്കൊണ്ടിരിക്കുന്ന പ്രതി യാണെന്ന് പൊലിസ്.
മഹാരാഷ്ട്രയിലെ കോളാപൂര്‍ സ്വദേശിയും തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനുമായ പ്രവീണ്‍, ഗൗരിലങ്കേഷ് വധക്കേസിലെ രണ്ടാംപ്രതിയാണ്.
2009ലെ ഗോവ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന കര്‍ണാടക ഭീകരവിരുദ്ധ സേന (എ.ടി.എസ്) കഴിഞ്ഞയാഴ്ച ഹിന്ദു യുവവാഹിണി പ്രവര്‍ത്തകന്‍ കെ.ടി നവീന്‍കുമാറിനെ അറസ്റ്റ്‌ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് പ്രവീണിന് ഗൗരി ലങ്കേഷ് വധത്തിലുള്ള പങ്കിനെ കുറിച്ചു സൂചനലഭിച്ചത്. പ്രവീണ്‍ ആയിരുന്നു ഗൗരി ലങ്കേഷിനെ നിരീക്ഷിച്ചതെന്ന് നവീന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴിനല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സപ്തംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വസതിയില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. കന്നഡ എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിനു പിന്നിലും സനാതന്‍ സന്‍സ്തയാണെന്ന് വ്യക്തമായിരുന്നു. 2015 ആഗസ്തില്‍ കല്‍ബുര്‍ഗിയെ കൊലപ്പെടുത്താനുപയോഗിച്ച അതേ തോക്ക് തന്നെയാണ് ഗൗരി ലങ്കേഷിനെതിരേയും ഉപയോഗിച്ചതെന്നു ഫോറന്‍സിക് വിദഗ്ധരും സുചന നല്‍കിയിട്ടുണ്ട്.
ഇടതുപക്ഷ ചിന്തകന്‍ ഗോവിന്ദ് പന്‍സാരയെയും 2013 ആഗസ്തില്‍ നരേന്ദ്ര ദബോല്‍ക്കറെയും കൊലപ്പെടുത്താനും ഇതേ 7.65 നാടന്‍ തോക്ക് തന്നെയാണ് ഉപയോഗിച്ചത്. 2009 ഒക്ടോബര്‍ 19 ദിപാവലി ദിനത്തില്‍ സ്‌ഫോടനം നടത്താനായി സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോവുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു സനാതന്‍ പ്രവര്‍ത്തകര്‍ തല്‍ക്ഷണം മരിച്ചു. കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രവീണ്‍ അടക്കമുള്ള നാലു സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ ഒളിവില്‍ പോയത്


Post A Comment: