അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ല അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.


തിരുവനന്തപുരം: വടകര, നാദാപുരം മേഖലകളില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.എം ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.പി.എം അല്ലാത്തവര്‍ക്കൊന്നും വടകരയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. ആര്‍.എം.പി ഒാഫീസില്‍ നിന്ന് കണ്ടെടുത്തത് തുരുമ്പിച്ച ആയുധങ്ങളാണെന്നും അബ്ദുല്ല ചൂണ്ടിക്കാട്ടി. ആര്‍.എം.പിയില്‍ നിന്ന് ചിലര്‍ കുടുംബത്തോടൊപ്പം സി.പി.എമ്മിലേക്ക് വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇപ്പോള്‍ ഒരിടത്തും അക്രമങ്ങളില്ലെന്നും ഇതുവരെ 20 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍.എം.പി ഒഞ്ചിയം കമ്മിറ്റി ഒാഫീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 14 ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വടകരയെ കുറിച്ച്‌ പറഞ്ഞതില്‍ വിശദീകരണം നല്‍കാനുണ്ടെന്ന സ്ഥലം എം.എല്‍.എ സി.കെ. നാണുവിന്‍റെ ആവശ്യം സ്പീക്കര്‍ അനുവദിച്ചത് പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു. എന്നാല്‍, ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷം പ്രതിഷേധവുമായി രണ്ടു തവണ നടുത്തളത്തില്‍ ഇറങ്ങി. ഇതേതുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.


Post A Comment: