നിയമ സഭയില്‍ സിപിഐയ്ക്കെതിരെ ഒളിയമ്പുമായി കെ എം മാണി.തിരുവനന്തപുരം: നിയമ സഭയില്‍ സിപിഐയ്ക്കെതിരെ ഒളിയമ്പുമായി കെ എം മാണി. പൊന്തന്‍പുഴ ഭൂമിയിടപാടില്‍ വനം മന്ത്രിക്കെതിരെ മാണി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. യുഡിഎഫ് പിന്തുണയോടെയാണ് അടിയന്തര പ്രമേയത്തിന് മാണി നോട്ടീസ് നല്‍കിയത്. പൊന്തന്‍പുഴ വനം മേഖലയിലെ ഒരു ഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ വനം മന്ത്രി ഉത്തരവിട്ടതിനെതിരെയാണ് കെഎം മാണിയുടെ നടപടി. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കരുതെന്നും സിപിഐ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ ആ വാദം തള്ളി. വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച്‌ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നുവെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. അതേസമയം പൊന്തന്‍പുഴ ഭൂമിയിടപാടില്‍ വനംവകുപ്പ് നിലപാട് വ്യക്തമാക്കി. കേസില്‍ സര്‍ക്കാരിന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കില്ലെന്നും കേസില്‍ പുനഃപരിശോധനാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മാണി നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൈവശ രേഖയുള്ളവര്‍ക്ക് പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഹൈക്കോടതിയിലെ കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Post A Comment: