ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്‍റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച്‌ കേസ് സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ ഇരയായിരിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം കേസിലെ പ്രധാന തെളിവാണ്. ഇത് പ്രതികളുടെ കൈവശം ലഭിച്ചാല്‍ വിചാരണ വേളയില്‍ ഇര എങ്ങനെ നിര്‍ഭയമായി മൊഴി നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന ചോദ്യം. ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച്‌ കേസിലെ മുഴുവന്‍ രേഖകളും ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ട്. എന്നാല്‍, ഈ കേസിന് ഒരു പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസിന്‍റെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് മുമ്പ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചിലാണ് ഈ കേസ് ഇന്ന് പരിഗണിക്കുന്നത്.

Post A Comment: