മെഴുകുതിരിയും പിടിച്ചു നൂറുകണക്കിനാളുകള്‍ രാത്രി 12 ന് ആരംഭിച്ച മാര്‍ച്ചില്‍ പങ്കെടുത്തു.ദില്ലി : കത്‌വ, ഉന്നാവോ വിഷയങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യഗേറ്റില്‍ നടന്ന  അര്‍ധരാത്രി മാര്‍ച്ചില്‍  പ്രധിഷേധം ഇരമ്പി. 
മെഴുകുതിരിയും പിടിച്ചു  നൂറുകണക്കിനാളുകള്‍ രാത്രി 12 ന് ആരംഭിച്ച  മാര്‍ച്ചില്‍ പങ്കെടുത്തു.

ഇത് ദേശീയ പ്രശ്‌നമാണെന്നും, അത് കൊണ്ടു തന്നെ  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവരും ഈ പ്രതിഷേധത്തില്‍ പങ്കെടുത്തതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പേടിയാണ്. എവിടെ നോക്കിയാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ബലാത്സംഗമോ, കൊലപാതകമോ, പീഡനമോ നടക്കുന്നതായി കേള്‍ക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ഈ സാഹചര്യം ഗൗരവമായി കാണണം. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സമാധാനത്തോടെ പുറത്തിറങ്ങാനുള്ള സാഹചര്യമൊരുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. ജമ്മു കശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയ്ക്കും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചെന്നാരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ്  മാര്‍ച്ച് നടന്നത്. രാത്രി ഒന്‍പതു മണിക്കു ശേഷമാണ് അര്‍ധരാത്രി മാര്‍ച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതെങ്കിലും മാര്‍ച്ചില്‍  വലിയ ജന പങ്കാളിത്തം ഉണ്ടാക്കാന്‍ യുത്ത് കൊണ്ഗ്രസ്സിനായി.

Post A Comment: