ജിയോ ചാനലിന്റെ സംപ്രേഷണം പാകിസ്താനില്‍ പല ഭാഗത്തും തടഞ്ഞു


ഇസ്ലാമാബാദ്:  പാകിസ്താന്‍ ചാനലായ ജിയോ ടിവി രാജ്യത്തിന്റെ പല ഭാഗത്തും ലഭ്യമല്ലാതായി. സൈന്യത്തിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ 80 ശതമാനം പ്രദേശങ്ങളിലും ചാനല്‍ ലഭിക്കുന്നില്ലെന്ന് ജിയോ ന്യൂസ് ചീഫ് എക്‌സിക്യൂട്ടീവ് മിര്‍ ഇബ്രാഹിം റഹ്മാന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാര്‍ച്ച് ആദ്യവാരം മുതല്‍ തന്നെ ജിയോ ന്യൂസ് ചാനലുകള്‍ സൈനിക മേഖലകളില്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കിയിരുന്നു. ഈ മാസം മുതല്‍ ജിയോ ന്യൂസ്, സ്‌പോര്‍ട്‌സ്, എന്റര്‍ടൈന്‍മെന്റ് ചാനലുകളും രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കാതെയായി.
സൈനിക നടപടിയാണ് ഇതിന് പിന്നിലെന്ന് ജിയോ പറഞ്ഞിട്ടില്ല. എന്നാല്‍ ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയെന്ന് ജിയോ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത് പാക് സൈന്യത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതാകാം ചാനലിനെതിരെ നടപടിയെടുക്കാന്‍ ഇടയാക്കിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


Post A Comment: